കെ-റെയിലിനായി പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നടക്കില്ല: കെ സുരേന്ദ്രൻ

single-img
27 October 2021

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ-റെയിലിനു വേണ്ടി പിണറായി വിജയന്‍ കേന്ദ്രത്തില്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും അത് നടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ റെയിൽ പദ്ധതി സഹസ്രകോടികള്‍ കൊള്ള നടത്താനുള്ളതാണെന്നും കെ- റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ സമരത്തിനെ അഭിസംബോധന ചെയ്യവെ സുരേന്ദ്രൻ പറഞ്ഞു.

ഏതൊക്കെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്, ഏത് വിദഗ്ദ്ധ ഏജന്‍സിയുടെ ഉപദേശമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്, ഒരു പഠനവും, ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ വാശി പിടിക്കുന്നത്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും വായ്പ എടുക്കുന്ന സര്‍ക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്, സംസ്ഥാനത്ത് ട്രഷറി പ്രവര്‍ത്തിക്കുന്നത് കേന്ദ്രം വായ്പ നിരക്ക് ഉയര്‍ത്തിയതു കൊണ്ട് മാത്രമാണ്. ഒരു കാരണവശാലും ഈ പദ്ധതിക്ക് കേരളത്തില്‍ അംഗീകാരം കൊടുക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. പാവപ്പെട്ടവര്‍ക്ക് ഒരു ഗുണവുമില്ലാത്ത പദ്ധതിയാണിതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

പ്രളയം കാരണമുള്ള ദുരിതം ഓരോ കൊല്ലവും ആവര്‍ത്തിക്കുന്ന കേരളത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ-റെയിലിന് വേണ്ടി പശ്ചിമഘട്ടം തുരന്ന് മണ്ണ് എടുക്കാനുള്ള ഏജന്‍സികള്‍ വരെ കണ്ണൂരില്‍ ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നദിയില്‍ നിന്നും മണലെടുക്കാന്‍ ഏജന്‍സികളെ ഏല്‍പ്പിച്ചത് പോലെ പാറമടകളില്‍ നിന്നും കല്ലും മണ്ണുമെടുക്കാന്‍ കണ്ണൂരിലെ ഏജന്‍സികള്‍ ഒരുങ്ങി. ജനങ്ങളെ കൊള്ളയടിക്കാനുള്ള കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി കെ-റെയിലിനെ താരതമ്യപ്പെടുത്തുന്നത് അറിവില്ലായ്മയാണ്. രണ്ട് മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനും കേരളത്തിലെ ഗ്രാമങ്ങളിലൂടെ പോവുന്ന കെ-റെയിലും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.