ചര്‍ച്ച പരാജയം; ശമ്പള പരിഷ്‌കരണത്തില്‍ തീരുമാനമായില്ല; നവംബര്‍ അഞ്ചിന് പണിമുടക്കുമായി കെഎസ്ആര്‍ടിസി

single-img
25 October 2021

കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ച പരാജയം. ചർച്ചയിൽ ശമ്പള പരിഷ്‌കരണ കാര്യത്തില്‍ തീരുമാനമാകാതായതോടെ നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സംഘടന എംഡിക്ക് നോട്ടിസ് നല്‍കിയെങ്കിലും തീരുമാനമാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഈ പണിമുടക്കുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രതിനിധികളുടെ യോഗം കെഎസ്ആര്‍ടിസി മാനേജ്മന്റ് വിളിച്ചത്. 2011 ലായിരുന്നു ഇതിന് മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌ക്കരിച്ചത്. അതേസമയം, വകുപ്പില്‍ ശമ്പള പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.

ഇടതുസംഘടനയായ കെഎസ്ആര്‍ടിഇഎയും അടുത്ത മാസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇടതുസംഘടനയും പണിമുടക്കിലേക്ക് നീങ്ങുന്നത്.