കുഞ്ഞിനെ തിരികെ നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നത് അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതിനാൽ; വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

single-img
22 October 2021

പേരൂർക്കടയിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വേർപെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. അനുപമ തന്നെ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്ന് ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അ‍ഡ്വ. എന്‍ സുനന്ദ വിശദീകരിക്കുന്നു.

സ്ഥാപനത്തിൽ നിന്നും കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറയുന്നുണ്ട്. ”കഴിഞ്ഞ ഏപ്രില്‍ മാസമാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. നേരിട്ട് എത്തി പരാതി നല്‍കാന്‍ അനുപമയോട് ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയില്ല.

എന്നുമുതലാണ് കുഞ്ഞിനെ കാണാതായതെന്നതടക്കം കുട്ടിയെ മനസിലാകാനുള്ള വിവരങ്ങളൊന്നും പറഞ്ഞില്ലെന്നുമാണ് അ‍ഡ്വ. എന്‍ സുനന്ദ ആരോപിക്കുന്നത്. അനുപമയുടെ പരാതി പൊലീസിനെ അറിയിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് പറഞ്ഞ സുനന്ദ, അനുപമ കുട്ടിയെ അന്വേഷിച്ച് വന്ന കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിരുന്നുവെന്നും പറയുന്നു.

അതേസമയം, കൊവിഡായതിനാല്‍ തന്നോട് ഓഫീസിലേക്ക് വരരുത് എന്ന് പറഞ്ഞെന്നും അതിനാലാണ് നേരിട്ട് എത്താതിരുന്നതെന്നുമാണ് ചെയർപേഴ്സന്റെ ആരോപണത്തോട് അനുപമ പ്രതികരിച്ചത്. കുട്ടിയുടെ എല്ലാ വിവരവും. ഒപ്പം കൈമാറിയ തിയ്യതിയും പറഞ്ഞിരുന്നെന്നും അനുപമ വിശദീകരിച്ചു.