സൗന്ദര്യ ചികിത്സയുടെ മറവിൽ മോൻസൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും തട്ടിപ്പ് നടത്തി

single-img
12 October 2021

വ്യാജ പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച്പ രിശോധിക്കുന്നു. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ഇയാൾ ജീവനക്കാരെയും നിയമിച്ചിരുന്നു.

ക്രൈംബ്രാഞ്ച് നടത്തിയഅന്വേഷണത്തിലാണ് മെഡിക്കൽ യൂണിവേഴ്സിറ്റിയെക്കുറിച്ചുളള വിവരം കിട്ടിയത്. 2018 ലായിരുന്നു ചേർത്തലയിൽ കോസ്മോസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്.

ഈ സ്ഥാപനത്തിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേർത്തലയിൽ പദ്ധതി നടപ്പാക്കാൻ 100 ഏക്കർ ഭൂമി വാങ്ങിയെന്നും മൂന്നു മാസത്തിനുളളിൽ നി‍ർമാണം തുടങ്ങുമെന്നുമാണ് അന്ന് മോൻസൻ പറഞ്ഞിരുന്നത്.
എച്ച്‌എസ്‌ബി‌സി ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടൻ ആരോഗ്യ സർവകലാശാല പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്.

പക്ഷെ കാര്യങ്ങളൊന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്മോസ് മെഡിക്കൽ യൂണിവേഴ്സ്റ്റിയുടെ പേരിലും മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. സൗന്ദര്യ ചികിത്സയുടെ മറവിൽ കലൂരിലെ മ്യൂസിയത്തിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.