ഒന്നരലക്ഷം രൂപ തട്ടിയെടുത്തു; മോന്‍സനെതിരെ ഒരു പരാതികൂടി

single-img
9 October 2021

വ്യാജ പുരാവസ്തു കാണിച്ചുള്ള തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. തന്റെ പക്കൽ നിന്നും ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി ആലപ്പുഴ തുറവൂര്‍ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2017 ഡിസംബര്‍ മാസം 29 ന് തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് മോന്‍സണ്‍ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു.

സഹോദരന്‍ വഴിയാണ് തന്നെ ഇയാള്‍ ബന്ധപ്പെട്ടത്. ആ സമയം തനിക്ക് സ്വര്‍ണം പണയംവച്ചെങ്കിലും പണം തരണമെന്നും 20 ദിവസത്തിനകം തിരിച്ചു തരുമെന്നും മോന്‍സണ്‍ ഉറപ്പുനല്‍കി.ഇത് കേട്ടപ്പോൾ ഭാര്യയുടെ സ്വര്‍ണം പണയം വച്ച് 2018 ജനുവരിയില്‍ പണം നല്‍കി. പക്ഷെ ഒരു വര്‍ഷത്തിന് ശേഷവും പണം തിരികെ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

പണം തിരികെ ചോദിച്ചപ്പോള്‍ മോന്‍സണ്‍ തനിക്ക് ഒരു വണ്ടി കൈമാറി , ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു ആരോപിക്കുന്നു. പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.