ലഖിംപൂര്‍: കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദ് പോലീസ് കസ്റ്റഡിയില്‍

single-img
4 October 2021

യുപിയിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായതായി കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും പ്രിയങ്ക ചോദിച്ചിരുന്നു.

കര്‍ഷകരെ കാണാന്‍ ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞെങ്കിലും താന്‍ നടന്നുപോകുമെന്ന് പ്രഖ്യാപിച്ചതോടെ വാഹനം കടത്തിവിടാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രിയങ്ക ലഖിംപൂരിലെത്തിയതായി എ ഐ സി സി ട്വീറ്റ് ചെയ്തിരുന്നു. പക്ഷെ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെ പറഞ്ഞു.

ഈ വിവരം യു പി കോണ്‍ഗ്രസ് ഘടകവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കസ്റ്റഡിയിലാണ്. ഇന്നലെയായിരുന്നു കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.