പാന്‍ഡോറ പേപ്പേഴ്‌സ്: നികുതി വെട്ടിപ്പുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
4 October 2021

വിവിധ ലോക രാജ്യങ്ങളിലെ പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി ഇതിനായി രൂപീകരിക്കും.

കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗം എന്നിവയ്ക്ക് പുറമേ ആർ ബി ഐയും സംഘത്തിലുണ്ടാകും. ഇന്നലെയായിരുന്നു നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്.

ലോക വ്യാപകമായി 29,000 കമ്പനികളെയും ട്രസ്റ്റുകളെയും സംബന്ധിച്ച് 12 ദശലക്ഷം രേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐ.സി.ഐ.ജെ) നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വെളിച്ചത്തുവന്നത്.