നിങ്ങളെ ഇനി വീട്ടുകാര്യങ്ങളിൽ സഹായിക്കും; ആസ്ട്രോ എന്ന റോബോട്ടിനെ അവതരിപ്പിച്ച് ആമസോൺ

single-img
29 September 2021

മനുഷ്യരെ പോലെതന്നെ കേൾക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടുമായി ആമസോൺ. ഇന്നലെയായിരുന്നു ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന ആസ്ട്രോ എന്ന റോബോട്ടിനെ ആമസോൺ ഔദ്യോഗികമായി അവതരിപ്പിച്ചത്.

അടുക്കളയില്‍ കയറി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കാൻ ഈ റോബോട്ടിന് കഴിയില്ലെങ്കിലും നിങ്ങൾ സ്ററൗ ഓണാക്കി പുറത്ത് പോയാൽ ശരിയായ സമയത്ത് മുന്നറിയിപ്പ് നല്കാൻ കഴിയും. അതേപോലെ തന്നെ അപരിചതർ വീട്ടിലെത്തിയാൽ അത് തിരിച്ചറിയാനും ഈ റോബോട്ടിന് സാധിക്കും.

ക്യാമറ ഘടിപ്പിച്ച ഡിജിറ്റൽ കണ്ണുകളുള്ള ആസ്ട്രോ ചെറുചക്രങ്ങളിൽ ‘ഓടിനടന്ന്’ നിങ്ങൾ പറയുന്നതെല്ലാം ചെയ്യും. ഒന്നിലധികം ക്യാമറകളും സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ടെക്നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക.

വെറും ആയിരം ഡോളർ വിലവരുന്ന റോബോട്ട് വളരെ കുറച്ച് മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ വിൽപ്പനക്ക് വെക്കുകയെന്നു ന്യൂയോർക്കിലെ കമ്പനിയുടെ വാർഷിക ചടങ്ങിൽ കമ്പനി വൃത്തങ്ങൾ അറിയിച്ചു.ഇതോടൊപ്പം, കഴിഞ്ഞ ദിവസം തന്നെ സ്മാർട്ട് ഡിസ്‌പ്ലെ സംവിധാനമായ എക്കോ ഷോ, ഹെൽത് ട്രാക്കിംഗ് ബാൻഡ് ഹാലോ വ്യൂ തുടങ്ങി വിവിധ ഉത്പന്നങ്ങളും ആമസോൺ ചടങ്ങിൽ പുറത്തിറക്കി.