എന്റെ വാക്കിനാൽ ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു; മാപ്പ് ചോദിക്കുന്നു: ഫാ. റോയ് കണ്ണന്‍ചിറ

single-img
20 September 2021

താന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഈഴവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ. ഞാന്‍ അപ്പോള്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. പക്ഷെ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി.

എന്റെ വാക്കുകള്‍ കാരണം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍: ”കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായി വ്യക്തമായി. ഇത്തരത്തില്‍ കുടുംബ ഭദ്രതയെ തകര്‍ക്കുന്ന സംഭവങ്ങളില്‍ നിന്ന് പിന്തിരിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കര്‍ത്തവ്യം വൈദികരായ ഞങ്ങളില്‍ അര്‍പ്പിതമാണ്.

കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണ്. ഈ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്തെ ചില അനുഭവങ്ങളും പറഞ്ഞത്. ഇതില്‍ ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമത്തെക്കുറിച്ചും പറഞ്ഞിരുന്നു. അത് എന്റെ പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായി. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണ്. എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”