കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്: യോഗി ആദിത്യനാഥ്‌

single-img
13 September 2021

കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കുശിനഗറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളെ കടന്നാക്രമിച്ചും ശ്രീരാമനെയും തീവ്രവാദത്തെയും രാഷ്ട്രീയ പ്രചാരണായുധമാക്കിയുമായായിരുന്നു അദ്ദേഹം രൂക്ഷ വിമർശനം നടത്തിയത്.

കോണ്‍ഗ്രസ് പാർട്ടി ശ്രീരാമനില്‍ വിശ്വസിക്കുന്ന ജനങ്ങളെ അപമാനിക്കുകയാണെന്നും മാഫിയകള്‍ക്ക് അഭയം നല്‍കുന്നുവെന്നും യോഗി ആരോപിച്ചു. യോഗിയുടെ വാക്കുകൾ:‘ നമ്മുടെ രാജ്യം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോണ്‍ഗ്രസും കൊള്ളയടിച്ചു.

ജവഹർലാൽ നെഹ്റു രാമനെ വിശ്വസിച്ചില്ല. ഇന്ദിരാജിയാവട്ടെ സന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രാമന്റെ അസ്തിത്വം സോണിയ ജി നിഷേധിച്ചു.അതേസമയം, ബി ജെ പിയാവട്ടെ പൗരന്മാരെ സുഖപ്പെടുത്തുകയാണ്.

ബിജെപി ശ്രീരാമന്റെ ഒരു മഹാക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുക്കുകയും മാഫിയയെ അവര്‍ അര്‍ഹിക്കുന്ന ജയിലിലേക്ക് അയക്കുകയും ചെയ്യുന്നു. ബി ജെ പി ഉണ്ടെങ്കില്‍ എല്ലാവരോടും ബഹുമാനമുണ്ട്, വിശ്വാസത്തോടും ബഹുമാനമുണ്ടെന്നും യോഗി അവകാശപ്പെട്ടു.

‘രോഗം, തൊഴിലില്ലായ്മ, മാഫിയ രാജ്, അഴിമതി എന്നിവയല്ലാതെ കോണ്‍ഗ്രസ്, എസ്.പി, ബി.എസ.്പി സര്‍ക്കാരുകള്‍ സംസ്ഥാനത്തിന് എന്ത് നല്‍കി? പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പ്രീണന രാഷ്ട്രീയത്തിന് സ്ഥാനമില്ല. 2017 -ന് മുമ്പ് എല്ലാവര്‍ക്കും റേഷന്‍ ലഭിച്ചിരുന്നോ ? … മുമ്പ് ‘അബ്ബ ജാന്‍’ എന്ന് പറയുന്നവര്‍ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ ഇല്ലാതാക്കിയിരുന്നു’ – എന്നും പ്രസംഗത്തില്‍ യോഗി പറഞ്ഞു. പാകിസ്ഥാന്‍ അനുകൂല ഭീകരര്‍ ഇന്ന് രാജ്യത്ത് എവിടെയും ഒളിത്താവളം കണ്ടെത്തുന്നില്ല. 2012 ല്‍ എസ്.പി സര്‍ക്കാര്‍ ഭീകരരുടെ കേസുകള്‍ പിന്‍വലിക്കാന്‍ തുടങ്ങി, ‘ അദ്ദേഹം ആരോപിച്ചു.