കണ്ണൂർ സർവകലാശാല സിലബസ്സിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ; പ്രതിഷേധം

single-img
9 September 2021

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്റർ പിജി സിലബസ്സിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ആർഎസ്എസിന്റെ സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികള്‍ പറയുന്നത്.

ഇന്ത്യയുടെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ് എന്നുവരെ പറയുന്ന ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.

സംഭവത്തില്‍ ഇതുവരെ കണ്ണൂ‍ർ സർവകലാശാലയുടെ വൈസ് ചാൻസർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിലവില്‍ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉള്ളത്. അതിനാല്‍ തന്നെ ബ്രണ്ണനിലെ അധ്യാപകർ തന്നെ സിലബസ് തയ്യാറാക്കി നൽകുകയും അത് വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

അതേ സമയം ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും പഠിക്കണ്ടെയെന്നായിരുന്നു കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ്റെ പ്രതികരണം. വിഷയത്തിൽ സംവാദം നടത്തുമെന്നും, അധ്യാപകരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.