കേന്ദ്രത്തിൽ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കാന്‍ കാത്തു നിൽക്കരുത്; സ്വകാര്യ മേഖലയിലെ വാക്സിൻ സൗജന്യമായി നൽകണം: സാബു എം ജേക്കബ്

single-img
7 September 2021

വാക്സിൻ എടുത്തില്ല എന്ന കാരണത്താല്‍ ജീവിക്കാൻ പുറത്തിറങ്ങുന്നവരുടെ മേൽ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റക്സ് ചെയർമാൻ സാബു എം ജേക്കബ്. കൊവിഷീൽഡ്വാക്സിന്റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അകലം 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി ലഭിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത സർക്കാർ തങ്ങളുടെ വീഴ്ച മറയ്ക്കാൻ ജനങ്ങളെ ബലിയാടാക്കുകയാണെന്ന് സാബു ആരോപിച്ചു.

ഇടവേള വളരെ കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ റഷ്യയുടെ സ്പുട്നിക് വാക്സിൻ ഉള്ളപ്പോൾ ആ സാധ്യത സർക്കാർ പരിഗണിക്കുന്നില്ല. ഇവിടെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സുലഭമായി ലഭിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ വാക്സിന് ക്ഷാമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇതോടൊപ്പം തന്നെ കേന്ദ്രത്തിൽ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കുന്നതിനു കാത്തു നിൽക്കാതെ സ്വകാര്യ മേഖലയിലെ വാക്സിൻ സൗജന്യമായി നല്‍കണമെന്നും തമിഴ്നാടിന്റെ മാതൃക ഇതിനായി അവലംബിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ ഡോസുകൾസ്വീകരിക്കുന്നതിലെ ഇടവേള വ‍ര്‍ദ്ധിപ്പിച്ചതാണ് രോഗവ്യാപനത്തിന്റെ വേഗത കൂട്ടിയതെന്ന് സാബു ആരോപിച്ചു. ജനങ്ങള്‍ക്ക് വാക്സിനേഷൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പാണ് ഹ‍ര്‍ജി നൽകിയത്.