സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

single-img
6 September 2021

രാജ്യത്തെ വിവിധ ട്രിബ്യൂണലുകളിലും അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ശരിയായ രീതിയില്‍ നിയമനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

അടുത്ത ഒരാഴ്ചക്കുള്ളില്‍ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രവുമായി വെറുതെ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമത്തിനെതിരെ കോണ്‍ഗ്രസ് എം പി ജയറാം രമേശ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
രാജ്യത്തിന്റെ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി തന്നെ റദ്ദാക്കിയ നിയമങ്ങളിലെ വ്യവസ്ഥകളാണ് പുതിയ പരിഷ്‌കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരുന്നതെന്നായിരുന്നു ജയറാം രമേശ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.