വരും ഇനി തബലയുടെയും പുല്ലാങ്കുഴലിന്റെയും ശബ്ദം; വാഹന ഹോണുകളില്‍ ശബ്ദ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

single-img
5 September 2021

രാജ്യത്ത് ശബ്‍ദ മലിനീകരണം കാരണം ജനങ്ങള്‍ക്ക് മാനസീകവും ശാരീരികവുമായ വളരെയധികം പ്രശ്‍നങ്ങൾ ഉണ്ടാകുന്നതിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനായി ഇപ്പോള്‍ വാഹന ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്‍ദം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്

കേന്ദ്ര സര്‍ക്കാരിറെ റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയതായി വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴുള്ള ശബ്‍ദങ്ങള്‍ക്ക് പകരം തബലയും പുല്ലാങ്കുഴലും പോലുള്ള സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉണ്ടാക്കാനുള്ള ഹോണുകള്‍ക്കായി പുതിയ നിയമങ്ങൾ നിര്‍മ്മിക്കാനാണ് നീക്കം.

ഇന്ത്യയുടെ തനതായ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉൾപ്പെടുന്ന ഹോണുകള്‍ ഉപയോഗിക്കാൻ വാഹന നിർമ്മാതാക്കൾക്ക് നിർദേശം നൽകുമെന്നും കേന്ദ്ര മന്ത്രി ഗഡ്‍കരി അറിയിച്ചു.

“ഞാൻ ഇപ്പോള്‍ നാഗ്‍പൂരിലെ കെട്ടിടത്തില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. അവിടെ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ പ്രാണായാമം ചെയ്യും.എന്നാല്‍ ഈ സമയം വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്‍ദം പ്രഭാതത്തിന്‍റെ നിശബ്‍ദതയെ ശല്യപ്പെടുത്തുന്നു. അതോടുകൂടി വാഹനങ്ങളുടെ ഹോണുകൾ എങ്ങനെ ശരിയായ രീതിയിൽ പരിഷ്‍കരിക്കാമെന്ന ചിന്ത മനസിൽ വന്നു.

കാർ ഹോണുകളുടെ ശബ്‍ദം ഇന്ത്യൻ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്. തബല, താളവാദ്യം, വയലിൻ, പുല്ലാങ്കുഴൽ, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഹോണുകളില്‍ നിന്ന് കേൾക്കണം എന്നാണ് ആഗ്രഹം..” ഗഡ്‍കരി പറയുന്നു.

പുതിയ നിയമങ്ങളിൽ ചിലത് ഓട്ടോ നിർമ്മാതാക്കൾക്ക് ബാധകമാണ്. അതിനാൽ, വാഹനം നിർമ്മിക്കുമ്പോൾ, അതിന് ശരിയായ തരം ഹോൺ ഉണ്ടായിരിക്കുമെന്നും ഗഡ്‍കരി വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.