താലിബാൻ ഭീകരവാദികൾക്കെതിരായ പോരാട്ടം മുഴുവൻ അഫ്ഗാൻ ജനതയ്ക്കും വേണ്ടിയാണ്; പഞ്ചഷീർ പ്രവിശ്യാ വക്താവ് പറയുന്നു

single-img
26 August 2021

നിലവില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ശക്തമായി നടക്കുന്ന ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന അഹ്മദ് മസൂദിന്റെ വക്താവ്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റിനുള്ള കരാറുണ്ടെങ്കിൽ അവർ കാബൂൾ ഭരണകൂടത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചു.

അതേസമയം തന്നെ, താലിബാൻ ഭീകരവാദികള്‍ക്കെതിരെ തങ്ങള്‍ നടത്തുന്ന പോരാട്ടം ഒരു പ്രവിശ്യക്കുവേണ്ടി മാത്രമല്ല മറിച്ച് മുഴുവൻ അഫ്ഗാൻ ജനതയ്ക്കും വേണ്ടിയാണെന്ന് പഞ്ചഷീർ പ്രവിശ്യാ വക്താവ് ഫഹീം ദാഷ്ടി പറയുന്നു.

ഈ രാജ്യത്തെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയോർത്ത് ആശങ്കയുണ്ട്. താലിബാൻ രാജ്യത്ത് തുല്യതയും അവകാശങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരിട്ട് തന്നെ താലിബാനുമായി ഒരു യുദ്ധത്തിന് അവർ തയ്യാറാണെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും.പോപ്പുലർ റെസിസ്റ്റൻസ് ഫ്രണ്ടിൽ ചേർന്നവരെല്ലാം താലിബാനെ അംഗീകരിക്കാൻ സാധിക്കാത്ത, മുഴുവൻ അഫ്ഗാൻ ജനതയ്ക്കും സ്വീകാര്യമായ ഒരു ഭരണസംവിധാനം വേണമെന്നാഗ്രഹിക്കുന്ന സൈനികരും മുൻ ജിഹാദി കമാൻഡർമാരുമുൾപ്പെടെയുളള യുവാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.

താലിബാനോടു ശക്തമായി തന്നെ പൊരുതി ഇപ്പോഴും സ്വതന്ത്രമായി നിൽക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പഞ്ചഷീർ. അന്തരിച്ച മുൻ അഫ്ഗാൻ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ചഷീർ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് ഇന്നും സ്വതന്ത്ര പ്രവിശ്യയായി തുടരുന്നത്.