വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിംഗിന് തുല്യമെന്ന് ഉപമിച്ചു; എം ബി രാജേഷിനെതിരെഡല്‍ഹി പോലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച നേതാവ്

single-img
23 August 2021

ബ്രിട്ടീഷുകാര്‍ക്കെതിരായ മലബാര്‍ കലാപത്തിലെ ധീര പോരാളി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് പറഞ്ഞ കേരളാ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച നേതാവ് അനൂപ് ആന്റണി.എംബി രാജേഷ് നടത്തിയ പ്രസ്താവനയില്‍ ഭഗത് സിംഗിനെ അപമാനിച്ചെന്ന് ആരോപിച്ചാണ് അനൂപ്‌ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ന് മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു സ്പീക്കര്‍ വാരിയം കുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച് സംസാരിച്ചത്. ‘സമൂഹത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച വാരിയംകുന്നന്‍ സ്വന്തം നാട്ടില്‍ രക്തസാക്ഷിത്തം ചോദിച്ചു വാങ്ങുകയായിരുന്നു. ഭഗത് സിംഗിന് തുല്യമാണ് കുഞ്ഞഹമ്മദ് ഹാജി,’ – എന്നായിരുന്നു എംബി രാജേഷ് പറഞ്ഞത്.

മാത്രമല്ല, കുഞ്ഞഹമ്മദ് ഹാജി ഇവിടെ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമെന്നായിരുന്നില്ല. മറിച്ച് , മലയാള രാജ്യമെന്നായിരുന്നു ആ പേര്. മലബാര്‍ കലാപം ഹിന്ദു വിഭാഗത്തിനെതിരെ ഉള്ളതായിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കുന്ന പ്രദേശമായി ഏറനാടും വള്ളുവനാടും മാറിയിയേനെ എന്നും അദ്ദേഹം പറഞ്ഞു.