വിദേശ കമ്പനികൾക്ക് വേണ്ടി ദേശതാത്പര്യങ്ങൾ ബലി കഴിക്കുന്നു; ടാറ്റക്കെതിരെ കേന്ദ്രസർക്കാർ


ഇന്ത്യയിൽ നിന്നുള്ള ഭീമനായ ടാറ്റ കമ്പനിയുടെ ദേശതാത്പര്യങ്ങൾ ചോദ്യം ചെയ്ത് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. വിദേശകമ്പനികൾക്കു വേണ്ടി ദേശതാത്പര്യങ്ങൾ ബലി കഴിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട നേട്ടങ്ങൾ ടാറ്റ സൺസ് തടയുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇന്ന് നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശം.ഇതോടൊപ്പം ടാറ്റ സ്റ്റീൽ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളുടെ മുൻഗണനകളും ഗോയൽ ചോദ്യം ചെയ്തു. പത്തു പൈസ ലാഭത്തിനായി ഇന്ത്യയിലെ കമ്പനികൾ ഉരുക്ക് ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ്. എന്നിട്ട് ഇറക്കുമതിച്ചുങ്കം ഒഴിവാക്കാനായി സർക്കാറിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നു.
ജപ്പാനിലും കൊറിയയിലുമുള്ള കമ്പനികൾക്ക് ‘ദേശസ്‌നേഹമുണ്ട്’. അവർ ഉരുക്ക് ഇറക്കുമതി ചെയ്യുന്നില്ല. ടാറ്റ സ്റ്റീലിന് അവരുടെ ഉത്പന്നങ്ങൾ ജപ്പാനിലും കൊറിയയിലും വിൽക്കാനാകുമോ? നമ്മൾ ദേശീയതയുടെ സ്പിരിറ്റിൽ സംസാരിക്കുമ്പോൾ മാധ്യമങ്ങൾ അതിനെ പിന്തിരിപ്പനായി ചിത്രീകരിക്കും. ജപ്പാനിലും കൊറിയയിലും അങ്ങനെ പറയില്ല’ – മന്ത്രി പറഞ്ഞു
അതേസമയം, ചടങ്ങിൽ മന്ത്രി നടത്തിയ പ്രഭാഷണം കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി ആദ്യം തങ്ങളുടെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. പ്രസ്താവനയുടെ പിന്നാലെ തന്നെ പിയൂഷ് ഗോയലിനെ വിമർശിച്ച് പ്രതിപക്ഷവും വ്യവസായ ലോകവും രംഗത്തെത്തി.
. ‘മാന്യതയില്ലാത്തത്’ എന്നാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെ പരാമർശത്തെ വിശേഷിപ്പിച്ചത്. പിന്നാലെ തന്നെ ബുദ്ധിഭ്രമം സംഭവിച്ച മന്ത്രിയുടെ അട്ടഹാസം എന്നാണ് പിയൂഷ് ഗോയലിന്റെ പ്രസംഗത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പരിഹസിച്ചത്. രാജ്യത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ടാറ്റ ഗ്രൂപ്പ് എന്നതാണ് ഇവിടെ കൂടുതൽ ശ്രദ്ധേയം.