ജി സുധാകരൻ്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തിയതും ആരിഫ് എംപിയുടെ പരാതിയിന്മേൽ; വീണ്ടും പരാതി നൽകിയത് ഇതറിയാതെയെന്ന ആരിഫ് എംപിയുടെ വാദം പൊളിയുന്നു: രേഖകൾ ഇവാർത്തയ്ക്ക്

single-img
14 August 2021
AM Ariff

അരൂർ-ചേർത്തല ദേശീയപാത വിവാദത്തിൽ എ എം ആരിഫ് എംപി മാധ്യമങ്ങളോട് പറഞ്ഞത് വസ്തുതാവിരുദ്ധം. വിഷയത്തിൽ കഴിഞ്ഞവർഷം നടന്ന വിജിലൻസ് അന്വേഷണം ആരിഫ് തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നതിൻ്റെ രേഖകൾ ഇവാർത്തയ്ക്ക് ലഭിച്ചു.

മുൻ സർക്കാരിൻ്റെ കാലത്ത് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണത്തെപ്പറ്റി താൻ അറിഞ്ഞില്ലെന്നായിരുന്നു ആരിഫ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കഴിഞ്ഞവർഷം അദ്ദേഹം തന്നെ നൽകിയ പരാതിയിന്മേലാണ് അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണം നടത്തിയതെന്ന് പരാമർശിച്ചുകൊണ്ട് എക്സിക്യൂട്ടിവ് എഞ്ചിനീയർ ചീഫ് എഞ്ചിനീയർക്ക് നൽകിയ കത്ത് ഇവാർത്തയ്ക്ക് ലഭിച്ചു. ഇതോടെ വിഷയത്തിൽ വിജിലൻസ് നേരത്തെ ക്ലീൻ ചിറ്റ് നൽകിയ കാര്യം താൻ അറിഞ്ഞില്ലെന്ന ആരിഫ് എംപിയുടെ വാദം ദുർബ്ബലമാകുകയാണ്.

അതേസമയം, താൻ നേരത്തേ പരാതികൊടുത്തിരുന്നുവെന്ന കാര്യം എ എം ആരിഫ് ഇവാർത്തയോട് സമ്മതിച്ചു. എന്നാൽ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടന്ന കാര്യം താൻ അറിഞ്ഞില്ലെന്നും ആരിഫ് ആവർത്തിച്ചു.

“കരാറുകാരൻ്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ജർമ്മൻ സാങ്കേതികവിദ്യ അമ്പലപ്പുഴയിൽ നന്നായി നടപ്പാക്കി. എന്നാൽ അരൂരിൽ എല്ലാം ഈ സാങ്കേതിക വിദ്യ അത്ര നന്നായില്ല. ജനങ്ങളുടെ ആവശ്യപ്രകാരമാണ് അന്നും പരാതി നൽകിയത്. “ ആരിഫ് ഇവാർത്തയോട് പറഞ്ഞു.

തൻ്റെ മണ്ഡലത്തിൽ താൻ നൽകിയ പരാതിയിന്മേൽ റോഡ് മുറിച്ച് സാമ്പിൾ എടുത്തു നടത്തിയ അന്വേഷണം എങ്ങനെ അറിയാതെ പോയി എന്ന ചോദ്യത്തിന് “അതെൻ്റെ കഴിവുകേടായിരിക്കാം“ എന്നായിരുന്നു ആരിഫിൻ്റെ പ്രതികരണം.

അരൂര്‍–ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എംപി, മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു. 36 കോടി രൂപ ചെലവിട്ട് ജര്‍മന്‍ സാങ്കേതിക വിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. മൂന്നുവര്‍ഷം ഗ്യാരന്റിയോടെ നിര്‍മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും കത്തിലുണ്ട്.