‘ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ’; എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള പരാതിയുടെ പൂർണരൂപം വായിക്കാം

single-img
13 August 2021

മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം എസ് എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിതയിലെ നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ പൂർണ്ണരൂപം:


വിഷയം: സത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതി

സർ,

22-06-2021ന് എം.എസ്.എഫിന്‍റെ സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തിരുന്നു. പ്രസ്തുത യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് വിദ്യാർഥിനി ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ടു സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളൻ ചിരിയോടെ ” ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ” എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടത്.

എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങൾക്ക് എതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ്.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. മാത്രവുമല്ല സംഘടനക്കകത്തും പൊതുരംഗത്തും ഞങ്ങൾക്ക് വഴിപ്പെട്ടിട്ടില്ലെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി.

പല തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരമായി പ്രചരിപ്പിക്കുന്നു. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ ആണെന്നും പ്രചരണം നടത്തി പൊതുമധ്യത്തിൽ അപമാനിക്കുകയാണ്.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും അഭ്യർഥിക്കുന്നു.