കുരുതി: വന്നവരും നിന്നവരും വന്നിട്ട് പോയവരുമെല്ലാം ഒരുപോലെ സ്കോർ ചെയ്ത അപൂർവ്വങ്ങളിൽ അപൂർവമായ ഒരു മലയാള സിനിമ

single-img
11 August 2021

.യുവി ഉമേഷ്

കുരുതി… വർഗീയത,മതവിവേചനം,മതഭ്രാന്ത് തുടങ്ങിയ തൊട്ടാൽ പൊള്ളുന്ന വിഷയത്തെ ഒരു മതത്തിലും പക്ഷം ചേരാതെ തന്നെ ,എന്നാൽ കാണിക്കേണ്ടത് കാണിച്ചും പറയേണ്ടത് പറഞ്ഞും അതേ തീവ്രതയിൽ അവതരിപ്പിച്ചതിന് ആദ്യമേ കയ്യടികൾ. ഈ സിനിമയ്ക്ക് പൃഥ്വിരാജ് എന്നൊരു നിർമാതാവ് ഇല്ല എങ്കിൽ ഇങ്ങനെയൊരു സിനിമ തന്നെ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

ഉള്ളിൽ കനൽ ഉള്ളവർക്കൊക്കെ കനത്ത പൊള്ളലേല്പിക്കാൻ സിനിമയ്കാകുന്നു എന്നിടത്ത് പ്രിത്വി എന്ന നടനും അതിലുപരി നിർമാതാവും ഉയരങ്ങളിൽ എത്തുന്നു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയും കാഴ്ചക്കാരനെ ഭീതിയിലാഴ്ത്തുന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കും സമീപകാലത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഛായാഗ്രഹണവും മികച്ച കളർ ഗ്രേഡിങ്ങും ചിത്രത്തെ വേറൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്.

ചിത്രത്തിനു ഒരു നായകനുമില്ല,പ്രതിനായകനുമില്ല,വന്നവരും നിന്നവരും വന്നിട്ട് പോയവരുമെല്ലാം ഒരുപോലെ സ്കോർ ചെയ്ത അപൂർവ്വങ്ങളിൽ അപൂർവമായ ഒരു മലയാള സിനിമ,അതാണ് കുരുതി. ഇവരുടെ കൂട്ടത്തിൽ മാമുക്കോയ എന്ന പേര് പറയാതെ കടന്നു പോകുന്നത് ശരിയല്ല, കരിയറിലെ ഏറ്റവും ശക്തമായ ഒരു വേഷം തന്നെയായിരുന്നു മൂസാക്ക.

പ്രിത്വിയെ നാടകനടൻ എന്ന് വിളിച്ചു കളിയാക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്, എന്നാൽ ഇതുപോലൊരു വേഷം ഇതേ intensity യിൽ അവതരിപ്പിക്കുക എന്നത് മറ്റൊരു യൂത്ത് സ്റ്റാറിന് സ്വപ്നം കാണാൻ മാത്രം പറ്റുന്ന കാര്യമാണ് എന്നതാണ് വാസ്തവം( അതിപ്പോ ഏത് പ്രകൃതി നടനായാലും ശരി). കുരു’തി, അഥവാ കുരു ഉള്ളവർക്ക് ‘കത്തും’ എന്നർത്ഥം.