പാട്ടുകള്‍ വിലയിരുത്തും; ‘നിയമ വിരുദ്ധ സംഗീതം’ പട്ടികയില്‍ പെടുത്തി കരോക്കെ നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

single-img
11 August 2021

2018-ല്‍ കോപ്പിറൈറ്റ് ലംഘന കുറ്റം ആരോപിച്ച് ആറായിരം കരോക്കെ പാട്ടുകള്‍ നിരോധിച്ച ശേഷം ഇതാദ്യമായി നിയമവിരുദ്ധ ഉള്ളടക്കമുള്ള കരോക്കെ സംഗീതം നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനം. ചൈനയുടെ ദേശീയ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവ അപകടത്തിലാക്കുന്ന കരോക്കെ സംഗീതം. അങ്ങനെയുള്ളവയാണ് നിയമ വിരുദ്ധ സംഗീതം എന്ന പട്ടികയില്‍ പെടുത്തി നിരോധിക്കുക എന്ന് സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയം അറിയിക്കുന്നു.

ഇതിന്റെ ഭാഗമായി ഇപ്പോൾ തന്നെ വംശീയ വിദ്വേഷവും വംശീയ വിവേചനവും സൃഷ്ടിക്കുന്ന പാട്ടുകള്‍, ദേശീയ സുരക്ഷ അപകടത്തിലാക്കുന്ന പാട്ടുകള്‍, ദേശീയ താല്‍പ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അന്തസ്സിനും ഹാനികരമായ ഗാനങ്ങള്‍, രാഷ്ട്രീത്തിന്റെ മതനയങ്ങളെ ലംഘിക്കുന്ന പാട്ടുകള്‍, അശ്ലീലം, ചൂതുകളി, അക്രമം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സംഗീതം. തുടങ്ങിയ പാട്ടുകള്‍ കൂടി നിയമവിരുദ്ധമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ തീരുമാന പ്രകാരം സംഗീത പരിപാടികളുടെ ഉള്ളടക്കം തയ്യാറാക്കുന്നവരും അവ പൊതുപരിപാടികളില്‍ ഉപയോഗിക്കുന്നവരും പാട്ടുകള്‍ വിലിയിരുത്തി അപകടകരമെന്നു തോന്നുന്നവയെ കുറിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിക്കുന്നു. ഈ വർഷം ഒക്ടോബര്‍ ഒന്നു മുതല്‍ ഈ നിരോധനം നിലവില്‍ വരും.