പോലീസ് നടപടിയെ ചോദ്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ്; ഗൗരിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ബാങ്കിനു മുന്നിൽ ക്യൂ നിന്ന വ്യക്തിക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്താല്‍ പോലീസ് പെറ്റി ചുമത്തിയത് ചോദ്യം ചെയ്ത 18 വയസ്സുകാരി ഗൗരിനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നത് കണ്ടാണ് ഗൗരിനന്ദ എന്താണ് പ്രശ്നം എന്ന് തിരക്കിയത്.
അതേസമയം, ഗൗരിനന്ദ വിഷയത്തില്‍ പോലീസ് നടപടിക്കെതിരെ സംസ്ഥാന യുവജന കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നടപടിയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ്തനിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മീഷന് നൽകിയ പരാതിയിൽ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
പ്ലസ് ടു പഠിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയുടെ നടപടിയില്‍ സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ . ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് പോലീസ് ഗൌരിക്കെതിരെ കേസെടുത്തിരിക്കുന്നത്.വിഷയത്തില്‍ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിഷേധ കമന്റുകളുടെ പൊങ്കാലയാണ് ഇപ്പോള്‍ നടക്കുന്നത്.
‘സംസ്ഥാനത്ത് എവിടെയും മദ്യവിൽപ്പന ശാലകളുടെ മുന്നിൽ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പോലീസ് മാമന് പേടിയാണോ?’, ‘കോവിഡ് വ്യാപന പ്രതിസന്ധിയിൽ വഴിമുട്ടി നിൽക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിർത്തണം പൊലീസ് മാമാ..ജനം പ്രതികരിച്ച് തുടങ്ങി..’ എന്നിങ്ങനെ ഫേസ്ബുക്ക് പേജില്‍ കമന്റുകള്‍ നിറയുകയാണ്.