ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ ചികിൽസയിൽ; ഡീൻ കുര്യാക്കോസ് എംപിയുടെ ‘വ്ലോഗിങ്‘ സന്ദർശനം വീണ്ടും ചർച്ചയാകുന്നു

single-img
13 July 2021
dean kuryakose sujith bhakthan edamalakkudi

ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇരുമ്പുക്കല്ല് ഊരിലെ നാല്‍പത് വയസുകാരിയായ സ്ത്രീയ്ക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലു വയസുകാരനുമാണ് കോവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. 

വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 

രണ്ടാഴ്ച മുന്‍പ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം വ്ളോഗർ സുജിത് ഭക്തൻ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ന്നിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്. 

അതേസമയം തങ്ങൾ ഇടമലക്കുടി സന്ദർശിച്ചതിൽ വീഴ്ചയൊന്നുമില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.

“ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തുദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയത്.” ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. റിപ്പോർട്ടർ ചാനലിനോടായിരുന്നു പ്രതികരണം.

മാസ്‌ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തങ്ങൾ അവിടെപ്പോയതെന്നും അവിടെയുള്ളവരാണ് മാസ്‌ക് ധരിക്കാത്തതെന്നും സുജിത് ഭക്തൻ പ്രതികരിച്ചതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.