ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു; ‘ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ല’; ക്രൗഡ്ഫണ്ടിങ് പരിശോധിക്കണമെന്ന് ഹൈക്കോടതി

single-img
9 July 2021
charity youtuber

ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. രോഗികള്‍ക്കായി ആളുകള്‍ ഇഷ്ടം പോലെ പണം പിരിക്കുന്ന പ്രവണത നിരീക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ്  പരാമർശം. 

യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. രോഗികള്‍ക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികള്‍ക്ക് ലഭിക്കുന്ന നിലയുണ്ടാവണം. പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണം. പണത്തിന്റെ ഉറവിടം പരിശോധിക്കണം.

ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുന്നു.

മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ്  പരാമർശം. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി.

ക്രൗഡ്ഫണ്ടിങ് നിയമ വിധേയമാക്കാന്‍ നടപടി ഉണ്ടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

അതേസമയം, ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. രോഗികള്‍ക്ക് സഹായം ലഭിക്കുന്നത് സുതാര്യമാകണം. ഇക്കാര്യത്തില്‍ കോടതി വിശദമായ ഉത്തരവിറക്കുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. രോഗികള്‍ക്കായി പണപ്പിരിവ് നടത്തി ശ്രദ്ധേയരായ ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയായി അടുത്തിടെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ കോടതി ഒരു നിലപാട് സ്വീകരിക്കുന്നത്.