ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേർത്ത മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ

single-img
1 July 2021
jawan rum kerala

തിരുവല്ല:  ജവാൻ റം ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ (The Travancore Sugars and Chemicals Ltd) സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിൽനിന്നു കൊണ്ടുവന്ന സ്പിരിറ്റിൽ 20,000 ലിറ്ററിന്റെ തട്ടിപ്പാണ് കണ്ടെത്തിയത്.

രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്. സംഭവത്തിൽ ഒരു ജീവനക്കാരനടക്കം മൂന്നു പേരെ ചോദ്യം ചെയ്യുന്നു. മൂന്ന് ടാങ്കർ ലോറികളിലായി മധ്യപ്രദേശിലെ ബർവാഹയിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. കേസ് പൊലീസിന് കൈമാറും. 

ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂർ സ്വദേശി നന്ദകുമാർ, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാണ്. ടാങ്കറുകളിൽ നിന്നും 10 ലക്ഷത്തിൽ അധികം രൂപയും കണ്ടെത്തി.

1.15 ലക്ഷം ലീറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ എടുത്തിരുന്നത് എറണാകുളത്തെ വിതരണ കമ്പനിയാണ്. ഇന്നലെ രാവിലെ ഫാക്ടറിയിൽ എത്തിയ രണ്ട് ടാങ്കറുകളിൽ സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് 40,000 ലീറ്ററിന്റെ 2 ടാങ്കറുകളും 35,000 ലീറ്ററിന്റെ ടാങ്കറും വിശദമായ പരിശോധന നടത്തുകയായിരുന്നു. 

അളവു തൂക്ക വിഭാഗം ടാങ്കറുകളുടെ ഭാരം പരിശോധിച്ചപ്പോൾ 20,000 ലീറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തുകയായിരുന്നു. കേരളത്തിൽ എത്തും മുൻപ് സ്പിരിറ്റ് ലീറ്ററിന് 50 രൂപ നിരക്കിൽ ചോർത്തി വിറ്റെന്നാണ് നിഗമനം. ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെടുത്തു. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുൺകുമാർ എന്ന ജീവനക്കാരനു നൽകാനുള്ള പണമാണെന്നാണ് ടാങ്കർ ഡ്രൈവർമാർ നൽകിയ മൊഴി.

Content Highlights: Jawan Rum, Thiruvalla