സംസ്ഥാന പോലീസിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍; ബെഹ്‌റയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ

single-img
28 June 2021
k surendran

സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെട്ടുവരികയാണെന്നും നൂറുകണക്കിന് സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുളള ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരമായ വിഷയങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ സുരേന്ദ്രന്‍ ബെഹ്‌റയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 

എസ്‌ഐ ഷാജഹാന്‍ മതഭീകരവാദ സംഘടനകള്‍ക്ക് ഇ മെയില്‍ ചോര്‍ത്തി നല്‍കി. എന്നിട്ടും ഇയാളെ പിണറായി സര്‍ക്കാര്‍ തിരികെ എടുത്തു. കേരളത്തില്‍ നിന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന വസ്തുത ബിജെപി ആദ്യം മുതല്‍ക്ക് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് സേനയില്‍ ഐഎസ് സാന്നിധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനാപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കും മറ്റും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്റലിജന്‍സ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി. കൊല്ലത്തുളള ഒരു ഡിവൈഎസ്പി ഭീകരപ്രവര്‍ത്തകരെ സഹായിച്ചു എന്ന് ആരോപിക്കപ്പെട്ടു. കേരള പോലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.സംസ്ഥാനത്തെ പോലീസ് സേനയില് ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്‌പെഷ്യല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണം- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കുഴൽപ്പണം കടത്തിയെന്നൊരു കേസ് തങ്ങൾക്കെതിരെ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകര സംഭവത്തിൽ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും തൂക്കിക്കൊലയ്ക്ക് വിധേയനാകാനും തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ലൗ ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഇതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വസ്തുതാ വിരുദ്ധമാണ് ഇടതുപക്ഷ നിലപാട്. കേരളത്തിലെ അവസ്ഥ ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞ ഡിജിപിയെ അഭിനന്ദിക്കുന്നു. സര്‍വ്വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് ലൗ ജിഹാദ് ലക്ഷ്യത്തോടെയാണ്. 1402 വിദ്യാര്‍ത്ഥികള്‍ സിറിയയില്‍ നിന്ന് വരുന്നത് അസ്വഭാവികമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇടതുപക്ഷം ഇതെല്ലാം കണ്ടിലെന്ന് നടിക്കുന്നുവെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. പെട്രോള്‍ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നാണ് ബിജെപിയുടെ വാദം. ഇതിനെതിരെ ബിജെപി വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.