ലോക്ക് ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്ക് 1416 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് 1416 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട വ്യവസായ മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 1416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ന് ലോക എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് നടന്ന വെബിനാറില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ ചെറുകിട സൂക്ഷ്മ ഇടത്തരം മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്. പദ്ധതി പ്രകാരം വ്യവസായ ഭദ്രത സ്‌കീമിന്റെ ഭാഗമായി സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു.
ഈ രീതിയിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ഇതോടൊപ്പം തന്നെ സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. മാത്രമല്ല, സംസ്ഥാനത്തെ വ്യവസായിക പിന്നോക്ക ജില്ലകളിലും, മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്‌സിഡിയും ഉയര്‍ത്തിയിട്ടുണ്ട്.
കെഎസ്‌ഐഡിസി വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ഐഡിസി മുഖേനെ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി 5 ശതമാനം നിരക്കില്‍ ലോണ് അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കും. കോവിഡ് സമാശ്വാസ പദ്ധതി അടുത്തമാസം ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക.