മുഖ്യമന്ത്രിയുടെയും സുധാകരന്റെയും ‘ബ്രണ്ണന്‍ കോളേജ്’ സ്മരണകള്‍ രാഷ്ട്രീയ മര്യാദയുടെ സാമാന്യരേഖകൾ ഭേദിച്ചു; മുഖപ്രസംഗവുമായി സത്യദീപം

single-img
24 June 2021

സമീപ ദിവസങ്ങളില്‍ കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ‘ബ്രണ്ണന്‍ കോളേജ്’ സ്മരണകള്‍ രാഷ്ട്രീയ മര്യാദയുടെ സാമാന്യരേഖകൾ ഭേദിച്ചതായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ‘കണ്ണൂര്‍ ശൈലി’ ഇനി മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുപ്രവര്‍ത്തന ശൈലിയാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്ന് സത്യദീപത്തിന്റെ മുഖ പ്രസംഗം പറയുന്നു.

രാജ്യവും സംസ്ഥാനവും കൊവിഡ് മൂന്നാം തരംഗഭീഷണിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇതുപോലുള്ള ‘ഗ്വോഗ്വോ’ വിളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടതൊക്കെയും സാധാരണക്കാരുടേതാണ്. രക്തസാക്ഷിക്കുടുംബ സംരക്ഷണ പരിപാടികളിലൂടെ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ തുടര്‍ക്കഥകള്‍ക്ക് തിരക്കഥയൊരുക്കുകയാണ് ഇപ്പോഴും അവിടത്തെ പ്രധാന ക്ഷേമ രാഷ്ട്രീയമെന്നും സത്യദീപം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.