വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പോകൂ; ജനങ്ങളോട് ഫിലിപ്പൈൻസ് പ്രസിഡന്റ്

single-img
23 June 2021

വൈറസ് വ്യാപനം രൂക്ഷമായിട്ടും ഇനിയും രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി വീണ്ടും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. വാക്‌സിനെടുക്കാൻ ഇപ്പോള്‍ പോലും കൂട്ടാക്കാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്നാണ് രാജ്യത്ത് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിൽ ഡ്യുറ്റെർറ്റെ പറഞ്ഞത്.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമായിട്ടുംവാക്‌സിന്റെ കാര്യത്തിൽ ഇപ്പോഴും പിറകിലായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തെ മറികടക്കാനാണ് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. വാക്‌സിനെടുക്കാൻസമ്മതിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഡ്യുറ്റെർറ്റെ മുന്നറിയിപ്പ് നൽകി.

അങ്ങിനെയുള്ളവര്‍ക്ക് വേണമെങ്കിൽ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകാമെന്നും വാക്‌സിനെടുക്കാതെ ഫിലിപ്പൈൻസിൽ കഴിയാൻ ഭരണകൂടം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ താൽപര്യമില്ലെങ്കിൽ അവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്‌സിൻ കുത്തിവയ്ക്കുകയും ചെയ്യും. നിങ്ങൾ വെറും കീടങ്ങളാണ്. നമ്മുടെ രാജ്യം നേരത്തെ തന്നെ വലിയൊരു ദുരിതം അനുഭവിക്കുമ്പോൾ അതിലേക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്-റോഡ്രിഗോ ഡ്യുറ്റെർറ്റെ പ്രസംഗത്തിൽ പറഞ്ഞു.