പിണറായിയെ ചവിട്ടി, വളഞ്ഞിട്ട് തല്ലി; എകെ ബാലനെ അടിച്ചോടിച്ചു: കെ എസ് യുക്കാലത്തെ ‘വീര‘കഥകൾ വിവരിച്ച് മനോരമയിൽ കെ സുധാകരൻ്റെ അഭിമുഖം

single-img
18 June 2021
k sudhakaran manorama interview

തലശ്ശേരി ബ്രണ്ണൻ കോളേജിൽ കെ എസ് യു പ്രവർത്തകനായിരുന്ന കാലത്തെ “വീര“കഥകൾ വിവരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ്റെ അഭിമുഖം വിവാദമാകുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തൻ്റെ സമകാലീനനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അന്ന് താൻ ചവിട്ടുകയും പ്രവർത്തകരോടൊപ്പം വളഞ്ഞിട്ട് തല്ലുകയും ചെയ്തിരുന്നു എന്നതരത്തിലുള്ള “ഏറ്റുപറച്ചിലു“കളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മനോരമ വാരികയിൽ വന്ന അഭിമുഖത്തിലാണ് കെ സുധാകരൻ ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

താൻ പഠിക്കുന്ന കാലത്ത് കെ എസ് യുവിൻ്റെ കോട്ടയായിരുന്ന തലശ്ശേരി ബ്രണ്ണൻ കൊളജിൽ തൻ്റെ നേതൃത്വത്തിലുള്ള കെ എസ് യു പ്രവർത്തകർ അന്നത്തെ എസ് എഫ് ഐ പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ചിരുന്നുവെന്നാണ് കെ സുധാകരൻ അവകാശപ്പെടുന്നത്.

പീഡിഗ്രി മുതൽ പിജി വരെ തലശ്ശേരി ബ്രണ്ണൻ കോളജിലാണു കെ സുധാകരൻ പഠിച്ചത്. കെഎസ്യുവിന്റെ കോട്ടയായിരുന്നു കോളജ്. ബ്രണ്ണൻ കോളജിൽ അന്ന്, എസ്എഫ്ഐ പേരിനു മാത്രമായിരുന്നുവെന്നും സുധാകരൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോളജിൽ കെ സുധാകരൻ്റെ സീനിയറായിരുന്നു. പിണറായി, കോഴ്സ് കഴിഞ്ഞു പോയ ശേഷമാണു സുധാകരൻ കോളജിലെത്തുന്നത്.

കലാലയങ്ങളിൽ എസ് എഫ് ഐ സമരം പ്രഖ്യാപിച്ചപ്പോൾ സമരം പൊളിക്കുന്നതിനായി തങ്ങൾ ക്ലാസുകൾക്ക് കാവൽ നിന്നുവെന്നും എകെ ബാലൻ്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ പ്രവർത്തകരെ തൻ്റെ നേതൃത്വത്തിലുള്ള കെ എസ് യു പ്രവർത്തകർ അടിച്ചോടിച്ചെന്നും സുധാകരൻ പറയുന്നു. അന്ന് ബിരുദ കോഴ്സിലെ ചില ബാക്ക് പേപ്പറുകളുടെ പരീക്ഷയെഴുതാൻ ക്യാമ്പസിലെത്തിയ പിണറായിയുമായി താൻ നേരിട്ട് ഏറ്റുമുട്ടിയെന്നും അദ്ദേഹത്തെ ചവിട്ടി വീഴ്ത്തിയെന്നും സുധാകരൻ അവകാശപ്പെടുന്നു.

“പിണറായി വിജയനു അന്ന് ബിരുദ കോഴ്സിന് ചില പേപ്പറുകൾ കിട്ടാനുണ്ടായിരുന്നു. പരീക്ഷയെഴുതാൻ ഒരു ദിവസം കോളജിലെത്തി. അന്നു കലാലയങ്ങളിൽ എസ്എഫ്ഐ സമരം പ്രഖ്യാപിച്ച ദിവസം. ആ സമരം പൊളിക്കണമെന്നും ക്ലാസ് നടത്തണമെന്നും കെഎസ് തീരുമാനിച്ചു. അന്ന് ഞാൻ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. രണ്ടാം വർഷ വിദ്യാർഥികളെ ഞങ്ങൾ രണ്ടാം നിലയിലെ സയൻസ് ബ്ലോക്കിലെ റൂമിലിരുത്തി, ഇംഗ്ലിഷ് അധ്യാപിക ചന്ദ്രവല്ലിയെ എത്തിച്ചു ക്ലാസെടുപ്പിച്ചു. ഞങ്ങൾ ക്ലാസിനു കാവൽ നിന്നു. ഇതിനിടെ എ.കെ.ബാലന്റെ മുൻ മന്ത്രി ബാലൻതന്നെ നേതൃത്വത്തിൽ എസ്എഫ്ഐക്കാർ സംഘടിച്ചെത്തി. ഞാൻ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിൽക്കുകയായിരുന്നു. തർക്കത്തിനിടെ ബാലൻ ഉൾപ്പെടെ എല്ലാവരെയും കെ എസ് യുക്കാർ അടിച്ചോടിച്ചു. പരീക്ഷയെഴുതുകയായിരുന്ന പിണറായി വിജയൻ അതറിഞ്ഞ് പരീക്ഷഹാളിൽ നിന്നു സമരസഖാക്കളുടെ സഹായത്തിന്റെ ഓടിയെത്തി. നീല ഷർട്ടും മഞ്ഞമുണ്ടുമായിരുന്നു അന്ന് പിണറായിയുടെ വേഷം. എസ്എഫ്ഐക്കാരെയും കൂട്ടി പിണറായി രണ്ടാംനിലയിലേക്കു കോണിപ്പടി കയറിവന്ന് എന്നോടു ചോദിച്ചു: ‘നീയെന്താ ധാരാസിങ്ങാ?‘ “

“കലാലയങ്ങളിൽ കെ എസ് യുവിന്റെ പടയോട്ടക്കാലം. കോണിപ്പടിക്ക് ഇരുവശത്തു നിന്ന പ്രവർത്തകർ ആർപ്പുവിളിച്ചതോടെ എനിക്ക് ആവേശമായി. ഞാനാകട്ടെ, കളരി പഠിക്കുന്ന സമയവും. വേറൊന്നും ആലോചിച്ചില്ല. പിണറായിയെ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളർ വളഞ്ഞിട്ടു തല്ലി. പൊലീസ് വണ്ടി വന്നാണു വിജയനെ എടുത്തു കൊണ്ടു പോയത്. അന്നത്തെ കാലത്തു വിദ്യാർഥി രാഷ്ട്രീയത്തിൽ അടിക്കലും തിരിച്ചടിക്കലും പുതുമയുള്ള കാര്യമല്ല. അങ്ങനെയാണു പിണറായിയും ഞാനുമൊക്കെ കണ്ണൂർ രാഷ്ട്രീയത്തിലൂടെ കടന്നുവന്നത്. അടിയും തടയും പഠിച്ചവരാണു കണ്ണൂരിലെ പഴയ രാഷ്ട്രീയ നേതാക്കളെന്ന കാര്യം കണ്ണൂരിനപ്പുറമുള്ളവർക്ക് അറിയില്ല. അതുകൊണ്ടാണ് ഇതൊക്കെ കേൾക്കുമ്പോൾ കണ്ണൂരിനപ്പുറമുള്ളവരുടെ കണ്ണു തള്ളുന്നത്.“ കെ സുധാകരൻ പറയുന്നു.

കോളജിൽ വെച്ച് പിണറായി വിജയനെ കെ എസ് യു പ്രവർത്തകർ നിരവധി തവണ തല്ലിയിട്ടുണ്ടെന്നും കെ സുധാകരൻ പറയുന്നു. കത്തിയുമായി നടക്കുമായിരുന്ന ഫ്രാൻസിസ് എന്ന കെ എസ് യു പ്രവർത്തകൻ സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായിയെ ക്രൂരമായി ആക്രമിച്ച കാര്യവും കെ സുധാകരൻ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.

“ഒരിക്കൽ കോളജ് മെൻസ് ഹോ ലിലെ ആൽത്തറയിൽ വച്ച് എസ്എഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെഎസ്ക്കാരൻ ഫ്രാൻസിസ്, ഒരു എസ്എഫ്ഐ ക്കാരനെ മർദിച്ചതിന്റെ പേരിലായിരുന്നു യോഗം. പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഞാനും കൂട്ടുകാരും പ്രസംഗം കേൾക്കാൻ ആൽത്തറയ്ക്കരുകിലിരുന്നു. അന്ന്, കത്തിയുമായിട്ടാണ് ഫ്രാൻസിസിന്റെ നടപ്പ്. മൈക്കിലൂടെയുള്ള പിണറായിയുടെ പ്രസംഗം പതിയെ ഫ്രാൻസിസിലേക്കു കടന്നു:

“പേരാമ്പ്രയിൽ നിന്നു വന്ന് വിലസി നടക്കുന്ന ഒരു കെഎസ്യുക്കാരന്റെ അരയിലൊരു പിച്ചാത്തിയുണ്ടു പോലും…” പിണറായി പറഞ്ഞു തടുങ്ങിയതും ഫ്രാൻസിസ് ചാടിയെണീറ്റ്, മുണ്ട് മടക്കിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം. മൈക്കെടുത്ത് പിണറായിയെ ഒറ്റയടി. ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ പിണറായിയുടെ തല പിളർന്നു പോകുമായിരുന്നു. പിന്നെ ഞങ്ങളെല്ലാവരുംകൂടി പിണറായിയെയും സംഘത്തെയും അടിച്ചോടിച്ചു. ഇത്തരം അടിയും തിരിച്ചടിയും അന്നു പതിവാണ്.“ സുധാകരൻ പറയുന്നു.

അക്രമരാഷ്ട്രീയത്തിനെതിരാണ് തങ്ങളെന്ന കോൺഗ്രസിൻ്റെ അവകാശവാദങ്ങൾക്ക് തികച്ചും കടകവിരുദ്ധമാണ് കെ സുധാകരൻ്റെ അവകാശവാദങ്ങളെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നിരിക്കുന്ന ചർച്ചകൾ.

Content Highlights: K Sudhakaran, Interview, Manorama Weekly, Pinarayi Vijayan, AK Balan, KSU, SFI