ഈ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്; ടൊവിനോ തോമസ് മനസു തുറക്കുന്നു


ടൊവിനോ തോമസ് എന്ന നടന് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ നിരയിലേക്കുയര്ന്നുവന്നത് ചെറിയ സമയം കൊണ്ടാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ നേടിയെടുക്കാന്‍ ടൊവിനോയ്ക്ക് ഈ കാലയളവിനുള്ളില്‍ കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ.
‘എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താന്‍ മലയാളിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്. എന്താണ് അത് പറയുന്നതിന് കാരണം എന്നുവെച്ചാല്‍, ഞാന്‍ ഈ ബോഡി ബില്‍ഡിംഗ് ഒക്കെ ചെയ്തിരുന്നയാളാണ്. എന്നെ കാണുമ്പോള്‍ ആള്‍ക്കാരുടെ മുന്‍വിധി ഇതാണ്, ദേ ഒരുത്തന് വരുന്നുണ്ട്. അവനോട് കാണാന്‍ കൊള്ളാമെന്നോക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും. ഇപ്പോള്‍ തന്നെ ഒഴിവാക്കിയേക്കാം. ഈ മുന്‍വിധിയോടെയാണ് പലരും എന്നോട് പെരുമാറിയിരുന്നത്,’ ടൊവിനോ പറയുന്നു.
എന്നാല്‍ സിനിമ വളരെയധികം ഇഷ്ടപ്പെട്ടാണ് താന്‍ ഈ മേഖലയിലേക്ക് എത്തിയതെന്നും ഫിലിം ഫെസ്റ്റുകള്‍ വളരെ സീരിയസായി കണ്ട വ്യക്തിയാണ് താനെന്നും ടൊവിനോ പറയുന്നു. ചില അഭിപ്രായങ്ങള്‍ നാം സീര്യസ് ആക്കി എടുക്കാതിരുന്നാല്‍ മതിയെന്നുമാണ് താരത്തിന്റെ അഭിപ്രായം