തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജപ്പാന്‍ പ്രധാനമന്ത്രി; എതിര്‍പ്പുമായി ചൈന

single-img
11 June 2021

ചൈനയുടെ കീഴിലുള്ള സ്വയം ഭരണ പ്രദേശമായ തായ്‌വാനെ ഒരു രാജ്യമായി വിശേഷിപ്പിച്ച് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ കടുത്ത പ്രതികരണവുമായി ചൈനയും രംഗത്തെത്തി. ജപ്പാനിൽ യോഷിഹിഡെ സുഗയുടെ ആദ്യ പാർലമെന്‍റ് ചർച്ചയിലാണ് തായ്‌വാനെ അദ്ദേഹം ഒരു രാജ്യമായി വിശേഷിപ്പിച്ചത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, തായ്‌വാൻ എന്നീ രാജ്യങ്ങൾ കൊവിഡ് വൈറസ് വ്യാപനം തടയാൻ സ്വന്തമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നായിരുന്നു അദ്ദേഹം നടത്തിയ പരാമർശം. അതേസമയം തന്നെ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന 24 ദശലക്ഷം ജനങ്ങളുള്ള തായ്‌വാനിൽ അധികാരം അവകാശപ്പെട്ടു കൊണ്ട് ചൈന രംഗത്തെത്തി.

തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ് ചൈന അന്താരാഷ്‌ട്ര തലത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കിഴക്കൻ ചൈനാക്കടലിലെ പ്രദേശിക തർക്കവും ഹോങ്കോങ്ങിനെതിരായ അടിച്ചമർത്തലും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ടോക്കിയോയും ബീജിംഗും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമർശം.