ബംഗാളിൽ സിഎഎ നടപ്പാക്കണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി സുവേന്ദു അധികാരി

single-img
10 June 2021

പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപിയുടെ നന്ദിഗ്രാമിൽ നിന്നുള്ള എംഎൽഎയുമായ സുവേന്ദു അധികാരി.

ഇന്നലെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽപശ്ചിമ ബംഗാളിലെ വിവിധ രാഷ്ട്രീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ സംബന്ധിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് ചർച്ച നടത്തി. ഈ കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇതുവരെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചെന്നും പശ്ചിമ ബംഗാൾ സ്വതന്ത്ര രാജ്യമല്ല, ഇന്ത്യക്ക് അകത്തുള്ള ഒരു സംസ്ഥാനമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റ് നേടി വിജയിച്ച ശേഷം പശ്ചിമ ബംഗാൾ പ്രത്യേക രാജ്യം ആണെന്നാണ് ചിലർ കരുതുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലും സിഎഎ അവിടെ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.