കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര

single-img
5 June 2021

കുഴല്‍പ്പണ കേസില്‍ വെട്ടിലായ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. മഞ്ചേശ്വരത്ത് മത്സരത്തില്‍ നിന്ന് പിന്മറാന്‍ ബി.ജെ.പി തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദര. പതിനഞ്ച് ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും നല്‍കാന്‍ കഴിയില്ലെന്ന് ബി.ജെ.പി പറഞ്ഞു. ബി.ജെ.പി വിജയിച്ചാല്‍ കര്‍ണാടകയില്‍ ബന്ധുക്കളുടെ പേരില്‍ വൈന്‍ പാര്‍ലറും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പരാജയപ്പെട്ടതിനാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ.സുന്ദര പറഞ്ഞു.

ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് ആണ് തനിക്ക് പണം നല്‍കിയത്. രണ്ട് ലക്ഷം രൂപ അമ്മയുടെ പക്കലും അമ്പതിനായിരം രൂപ തനിക്കും നല്‍കി. 15,000 രൂപ വില വരുന്ന റെഡ്മി ഫോണും തനിക്ക് നല്‍കിയെന്നും ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ.സുന്ദര പറഞ്ഞു.

മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയാണ് സുന്ദര മത്സരിക്കാനിറങ്ങിയത്.2016ലെ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് മത്സരിച്ച സുന്ദര 489 വോട്ട് നേടിയിരുന്നു. കെ.സുരേന്ദ്രനാകട്ടെ ആ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതും. സമാനമായ മത്സരം ഇത്തവണയും നടന്നതോടെയാണ് സുന്ദരയെ മത്സരംഗത്തുനിന്ന് മാറ്റാന്‍ ബി.ജെ.പി സ്വാധീനം ചെലുത്തിയത്.

മഞ്ചേശ്വരത്ത് മത്സരം മുറുകിപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച കെ.സുന്ദര ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സുന്ദരയുടെ രാഷ്ട്രീയ മാറ്റത്തിനെതിരെ ബി.എസ്.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭീഷണിയും പ്രലോഭനവും വഴിയാണ് സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതെന്നായിരുന്നു ബി.എസ്.പിയുടെ ആരോപണം

അതിനിടെ, കെ.സുരേന്ദ്രന്റെ ഡ്രൈവറേയും സെക്രട്ടറിയേയും പോലീസ് കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യും. തൃശൂരിലേക്ക് പണം എത്തിച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയില്‍ നിന്നും മൊഴിയെടുക്കും.