നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക; കേരളം വീണ്ടും നമ്പർ വൺ

single-img
3 June 2021

നീതി ആയോഗ് തയ്യാറാക്കിയ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം മാറി.2018-ല്‍ നീതി ആയോഗിന്റെ കീഴിലെ ആദ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.അതിന് ശേഷം ഈ സ്ഥാനം മറ്റ് സംസ്ഥാനങ്ങൾ വിട്ടുകൊടുക്കാതെ കേരളം നിലനിർത്തുകയായിരുന്നു.

ഓരോ സംസ്ഥാനത്തെയും 115 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങള്‍ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന സൂചികയാണ് ഓരോ വർഷവും പുറത്ത് വിടുന്നത്.2018ൽ 100-ല്‍ 69 പോയിന്റുകൾ നേടിയാണ് കേരളം ഒന്നാം സ്ഥാനം സ്വന്തമാക്കിത്. അതേസമയം 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഇത് 75 പോയിന്റായി ഉയര്‍ത്താന്‍ കേരളത്തിന് സാധിച്ചു.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചു എന്നത് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവസാന അഞ്ച് വര്‍ഷങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നമ്മളുയര്‍ത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളും ആണ് ഈ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമായതെന്നും കൂടുതല്‍ മികവിലേയ്ക്കുയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് നീതി ആയോഗിന്റെ പുതിയ സുസ്ഥിര വികസന സൂചിക നമുക്ക് തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.