കേന്ദ്ര ബിജെപിയുടെ നാലംഗ ചാരസംഘത്തിൻ്റെ റിപ്പോർട്ട് സുരേന്ദ്രനെതിര്; നടപടി വൈകുന്നതിൽ എതിർപക്ഷത്തിന് അതൃപ്തി

single-img
3 June 2021
k surendran bjp

കേരളത്തിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ബിജെപിയുടെ കേന്ദ്രനേതൃത്വം നാലംഗ ചാരസംഘത്തെ നിയോഗിച്ചിരുന്നുവെന്ന് റിപ്പോർട്ട്. കുഴൽപ്പണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ വിവാദങ്ങളിൽ ഈ സംഘം നൽകിയ റിപ്പോർട്ട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ(K Surendran)തിരാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രനെതിരെ നടപടിയെടുത്താൽ കുഴൽപ്പണക്കേസിൽ ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നതുപോലെയാകുമെന്നതിനാൽ നടപടി വൈകുമെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇത്തരത്തിൽ നടപടി വൈകുന്നതിൽ എംടി രമേശ് അടക്കമുള്ള പല നേതാക്കൾക്കും അതൃപ്തിയുണ്ട്. കേന്ദ്രനേതൃത്വത്തിൻ്റെ നിലപാടറിയാനാണ് ശോഭ സുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷം കാത്തിരിക്കുന്നത്.

തെരെഞ്ഞെടുപ്പിലുണ്ടായ ദയനീയമായ പരാജയവും തുടർന്നുണ്ടായ കുഴല്‍പണ ഇടപാടും സിക. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും കെ സുരേന്ദ്രന്റെ പ്രതിഛായയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നിലവിൽ വി മുരളീധരൻ മാത്രമാണ് സുരേന്ദ്രനനുകൂലമായ നിലപാടെടുക്കുന്നത്. സുരേന്ദ്രനെതിരെ നടപടിയെടുക്കുന്നത് പാർട്ടിയുടെ പ്രതിഛായയ്ക്ക് ദോഷം ചെയ്യുമെന്ന നിലപാടാണ് വി മുരളീധരൻ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.

കൊടകര കുഴൽപണക്കേസിൽ ബിജെപിക്കു ബന്ധമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജാനുവുമായുള്ള പണമിടപാടിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, ബിജെപിയെ നശിപ്പിക്കാനുള്ള നുണപ്രചാരണങ്ങളാണ് ഇതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും സുരേന്ദ്രനെ പ്രതിരോധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.