പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യദ്രോഹകുറ്റമല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

single-img
3 June 2021

പ്രശസ്ത മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചൽ പ്രദേശ് പോലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് സുപ്രീം കോടതി റദ്ദാക്കി . ഡൽഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ യുയു ലളിത്, വിനിത ശരൺ എന്നിവരുൾപ്പെട്ട ബഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇദ്ദേഹത്തിന് സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതോടൊപ്പം എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരികയെന്നത് കേദാർ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞ സുപ്രീം കോടതി പ്രധാനമന്ത്രിയെ വിമർശിക്കുക എന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്നും മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസുകളിൽ നിന്നുമുള്ള സംരക്ഷണം ആവശ്യമുണ്ടെന്നും നിരീക്ഷിച്ചിട്ടുണ്ട്.