കോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോന്നുന്നത് സമ്മര്‍ദ്ദമല്ല, അഭിമാനം: ബാബര്‍ അസാം

single-img
3 June 2021

സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനാരാണെന്ന ചോദ്യത്തിന് വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍,ജോ റൂട്ട് എന്നിവരുടെ പേരുകളാണ് ആരായാലും പറയുന്നത്. അടുത്തകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ പാകിസ്താന്‍ നായകനായ ബാബര്‍ അസാമും മികച്ച ബാറ്റ്‌സ്മാന്റെ പട്ടികയിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്.

ഈ പട്ടികയില്‍ മത്സരങ്ങളില്‍ നിന്നും കോലിയുടെ മികവ് മറ്റെല്ലാവരേക്കാളും ഒരുപടി മുകളിലാണ്.
ചിലരാവട്ടെ കോലിയുടെ ബാറ്റിങ് റെക്കോഡുകളെ ഭാവിയില്‍ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള താരമായി പാകിസ്താന്‍ ബാബര്‍ അസാമിനെ വിശേഷിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ കോലിയോ ബാബറോ ആരാണ് ഏറ്റവും മികച്ചവനെന്ന് നിലവിലെ കണക്കുകള്‍ പ്രകാരം പറയുക അല്പം പ്രയാസം തന്നെയാണ്.

തന്നെ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ബാബര്‍ അസാം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മിഡില്‍ ഈസ്റ്റ് മാധ്യമമായ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് നായകന്റെ തുറന്ന് പറച്ചില്‍. ‘ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന ബഹുമാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. വിരാട് കോലിയെപ്പോലുള്ള മികച്ച താരങ്ങളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് വലിയ അംഗീകാരമായി കരുതുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് സെഞ്ച്വറികള്‍ നേടിയതാണ് കരിയറിലെ ടേണിങ് പോയിന്റായി കരുതുന്നത്. അതിന് ശേഷം എന്റെ ആത്മവിശ്വാസം ഉയര്‍ന്നു.എന്റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായിരുന്നില്ല. മികച്ച താരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു.ആരും എല്ലാം തികഞ്ഞവരല്ല. എല്ലാ ദിവസവും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം. നിലവിലെ പ്രകടനം തുടരാന്‍ ശ്രമിക്കാം. സ്ഥിരതയോടെ കളിക്കാനും ശ്രദ്ധിക്കാം’-ബാബര്‍ പറഞ്ഞു.

‘വിരാട് കോലി ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണ്. വലിയ മത്സരങ്ങളിലെല്ലാം അദ്ദേഹം തിളങ്ങുന്നു. ആളുകള്‍ കോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് സമര്‍ദ്ദം തോന്നാറില്ല. എന്നാല്‍ അത് അഭിമാനമായാണ് കാണുന്നത്. വ്യക്തിപരമായി എനിക്ക് ഇത്തരം താരതമ്യങ്ങളോട് താല്‍പര്യമില്ല. എന്റെ ലക്ഷ്യം മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയിപ്പിക്കുകയും അഭിമാനത്തിലേക്ക് എത്തിക്കുകയുമാണ്. എനിക്ക് എന്റേതായ ശൈലിയും കോലിക്ക് കോലിയുടേതായ ശൈലിയുമുണ്ട്’-ബാബര്‍ പറഞ്ഞു.