കൊവിഡ് പ്രതിസന്ധി ബാധിക്കാത്ത മുകേഷ് അംബാനി; സ്വത്തില്‍ ഒരാഴ്‌ചയ്‌ക്കിടെ 6.2 ലക്ഷം ബില്യൺ ഡോളറിന്റെ വർദ്ധന


രാജ്യമാകെ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിൽ വരുമാന നഷ്‌ടമോ മറ്റ് കാരണങ്ങളാലോ വ്യാപാരമേഖല ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മാത്രം ഇത് ബാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ മാസം 23ന് 77 ബില്യൺ ഡോളർ (5.62 ലക്ഷം കോടി രൂപ) ആയിരുന്നു അംബാനിയുടെ ആകെ സ്വത്തെങ്കിൽ ഈ ആഴ്ച എത്തിയപ്പോള്‍ അത് 83.2 ബില്യൺ ഡോളറായി (6.07 ലക്ഷം കോടി രൂപ)ഉയർന്നിരിക്കുന്നു. അതായത് ഒരാഴ്‌ചയ്‌ക്കിടെ 6.2 ലക്ഷം ബില്യൺ ഡോളറിന്റെ വർദ്ധന.
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓഹരി വില 10 ശതമാനം വര്‍ദ്ധിച്ചതാണ് ഇത്രയധികം സ്വത്ത് വർദ്ധിക്കാൻ കാരണമായി വാണിജ്യലോകം വിലയിരുത്തുന്നത്. ലോകമാകെ പടര്‍ന്ന വ്യവസായ സാമ്രാജ്യമായ റിലയൻസ് ഇൻഡസ്‌ട്രീസിൽ 49.14 ശതമാനം ഓഹരിയും മുകേഷിന് സ്വന്തമാണ്.വിപണിയില്‍ ബെഞ്ച്മാർക്ക് സൂചികയിൽ 12 ശതമാനത്തോളം മുൻഗണനയുളളതിനാൽ നിഫ്‌റ്റിയും റിലയൻസ് ഓഹരി വർദ്ധിച്ചതോടെ റെക്കാഡ് ഉയരത്തിലെത്തി.
ഇനിയും റിലയൻസ് ഓഹരി ഇതുപോലെ തുടർന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ കമ്പനി 14 ശതമാനം ലാഭം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2020 മാർച്ചിൽ 875 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരി സെപ്‌തംബറിൽ 2324 വരെയെത്തിയിരുന്നു.അതിനാല്‍ തന്നെ 15 ശതമാനം ഹ്രസ്വ കാല ഉയർച്ച റിലയൻസ് ഓഹരിയിൽ ഉണ്ടാകാൻ ഇടയുളളതിനാൽ അംബാനിയുടെ ആകെ സ്വത്തിൽ ഇനിയും 10 ബില്യൺ വർദ്ധനയുണ്ടായേക്കുമെന്നാണ് സൂചന. അങ്ങിനെ ഉണ്ടായാല്‍ ലോകത്തെ 12ാമത് ധനവാനിൽ നിന്ന് എട്ടാമത്തെ വലിയ ധനികനായി അംബാനി മാറും.