ആരുടെയൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്; വെളിപ്പെടുത്തി പാർവതി

single-img
1 June 2021

മലയാള സിനിമയില്‍ തികച്ചും സ്വതന്ത്രമായ നിലപാടുകളും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ഭയമില്ലാത്തതുമെല്ലാം നടി പാർവതിയെ മറ്റുള്ളവരില്‍ നിന്നും വിത്യസ്തയാക്കുന്ന കാര്യങ്ങളാണ്. ഒരു അഭിമുഖത്തില്‍ അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ, സിനിമയില്‍ ഒപ്പം അഭിനയിക്കാൻ താനേറെ ഇഷ്ടപ്പെടുന്ന താരത്തെ കുറിച്ച് പാർവതി പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് കൂടെ അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം ബോളിവുഡിലെ മുതിര്‍ന്ന താരം നസറുദ്ദീൻ ഷാ ആണെന്ന് പാർവതി പറയുന്നു. ഏതെങ്കിലും ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങിനെ: ‘‘അദ്ദേഹത്തിനൊപ്പം ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഞാന്‍ ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. കാരണം അദ്ദേഹം നല്‍കിയ ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. കൂടെ അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അതിനെ ആസ്വദിച്ച് ജോലി ചെയ്യണമെന്നും എന്നാല്‍, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു.

അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയധികം പ്രയോജനമായിട്ടുണ്ട്. അതുപോലെതന്നെയാണ് ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതിതോന്നിയിരുന്നു. അവർ നമ്മെ വിട്ട് നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്.’’