രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദം ‘ഡെല്‍റ്റ’; പേരിട്ട് ലോകാരോഗ്യ സംഘടന

single-img
1 June 2021

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ഡെല്‍റ്റ വകഭേദം എന്ന് വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. നേരത്തെ രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് കാപ്പ എന്ന പേരാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്.

കൊവിഡ് വകഭേദങ്ങളെ ശാസ്ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പുതിയ വൈറസുകളോ വകഭേദങ്ങളോ അവ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് വഴി ആ രാജ്യങ്ങളുടെ പേരിനുണ്ടാകുന്ന കളങ്കം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം.

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് പുതിയ നാമകരണം. എന്നാല്‍ ശാസ്ത്രലോകത്ത്, കൊവിഡ് വകഭേദങ്ങളുടെ ശാസ്ത്രീയ നാമം തന്നെയായിരിക്കും ഉപയോഗിക്കുക. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ഇതുവരെ 53 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്