കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; ബ്രസീലില്‍ പ്രസിഡന്റ് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങള്‍

single-img
30 May 2021

കൊവിഡ് പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തിയ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരായി പ്രതിഷേധവുമായി ജനങ്ങൾ. ബ്രസീലിലെ ലക്ഷകണക്കിന് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടും കൊവിഡ് ഒരു ചെറിയ പനി മാത്രമാണെന്ന തരത്തിലുള്ള ജെയര്‍ ബോള്‍സോനാരോയുടെ നിലപാടാണ് ജനങ്ങളുടെ ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം. എത്രയും വേഗം പ്രസിഡന്റ് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത്.

പ്രതിഷേധക്കാര്‍ ‘ബോള്‍സോനാരോയുടെ വംശഹത്യ’ ‘ബോള്‍സോവൈറസ് തിരികെ പോകു’ എന്നീ ബാനറുകള്‍ കൈവശം വെച്ചിരുന്നു. ബ്രസീലിയൻ തലസ്ഥാനമായ റിയോഡി ജനീറോ, ഡൗണ്‍ ടൗണ്‍, തുടങ്ങി പ്രധാന നഗരങ്ങളില്‍ എല്ലാം ഇത്തരത്തിൽ ശക്തമായ പ്രതിഷേധം നടന്നു.നിലവിൽ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആരംഭ ഘട്ടത്തിൽ തീവ്ര വലതുപക്ഷക്കാരനായ ബോള്‍സോനാരോ കൊവിഡ് 19 ‘ഒരു ചെറിയ പനി’ മാത്രമാണെന്ന് തരത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, രാജ്യത്തെ മരണസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചപ്പോഴും മാസ്‌ക്, ക്വറന്റീന്‍ തുടങ്ങിയ നിയന്ത്രണങ്ങളെയും ബോള്‍സോനാരോ ശക്തമായി എതിര്‍ത്തിരുന്നു.