കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല; നവീകരണമാണ് വേണ്ടത്: സക്കറിയ

single-img
30 May 2021

കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല, നവീകരണമാണ് എന്ന് സാഹിത്യകാരൻ സക്കറിയ. കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണതെന്നും സക്കറിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കോൺഗ്രസിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിന്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപിയുടെത് അലഞ്ഞുനടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ എന്നാണ് സക്കറിയയുടെ വിലയിരുത്തൽ.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

കോൺഗ്രസ്മുക്തമായ ഒരു കേരളം അതിന്റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അത് കേരളത്തിന് ആവശ്യമുള്ള പാർട്ടിയാണ്. കാരണം അതിന്റെ അടിസ്ഥാന പാരമ്പര്യം അഥവാ ചരിത്രപരമായ തിരിച്ചറിയൽ കാർഡ് മൂല്യമേന്മയുള്ളതാണ്. കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളിലുംപെട്ട ഒരു നല്ല പങ്ക് പൗരന്മാർ കോൺഗ്രസിന്റെ കേരളത്തിലെ സജീവമായ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട്.

കോൺഗ്രസ് ബിജെപിക്ക് ഒരു തടയാണ് എന്ന് പറയുന്നതിൽ സത്യമുണ്ടാവാം. പക്ഷേ അതിനുമപ്പുറത്ത് നരേന്ദ്ര മോദിയുടെ കോൺഗ്രസ്മുക്ത ഭാരതസ്വപ്നം സജീവമായി നിൽക്കുമ്പോളും കോൺഗ്രസാണ് പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി. അഖിലേന്ത്യാ സ്വഭാവം ഇപ്പോളും നിലനിർത്തുന്ന ഒരു പ്രസ്ഥാനം. ബിജെപി അടക്കം മറ്റൊരു പാർട്ടിക്കും അത് സാധിച്ചിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് തകർന്നാൽ ബിജെപി ആ ഇടം പിടിച്ചെടുക്കും എന്ന അഭിപ്രായം മലയാളികളുടെ സാമുദായികമായ കെട്ടുറപ്പിനെ കണക്കിലെടുക്കാത്ത ഒന്നാണ്. കോൺഗ്രസിന് വേണ്ടിയുള്ള ഏറ്റവും ബലഹീനമായ വാദമാണത്. എന്ന് മാത്രമല്ല കോൺഗ്രസിന്റെ തട്ടകവും ബിജെപിയുടെതും പലരും കരുതുന്നത് പോലെ ഒറ്റ തട്ടകമല്ല. കോൺഗ്രസിന്റെത് വിവിധ സമുദായങ്ങളിൽ രൂഢമൂലമാണ്. ബിജെപിയുടെത് അലഞ്ഞുനടക്കുന്ന ഒന്നാണ് എന്ന് വേണം പറയാൻ. കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല, നവീകരണമാണ്. ചിന്തയിലും പ്രവൃത്തിയിലും ലക്ഷ്യങ്ങളിലുമുള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. ആദർശങ്ങളെ ഓർത്തെടുത്ത് നവീകരിക്കുക.

മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകളനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും, ശരിയായ കാരണങ്ങളോടെയാണെങ്കിൽ പോലും, ദൈനംദിനം വിമർശിച്ചതുകൊണ്ട് മാത്രം പാർട്ടി പുനരുജ്ജീവിക്കപ്പെടുന്നില്ല. വിമർശിക്കാനായുള്ള വിമർശനത്തിന്റെ കാര്യമാണെങ്കിൽ, അതിന്റെ ഗുണഭോക്താക്കൾ മാധ്യമങ്ങൾ മാത്രമാണ്. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ചു പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിപ്പിച്ചിരിക്കണം

സംഘടനയെ ഒരു പുതിയ തലമുറയുടെ കൈകളിൽ പൂർണമായി, സമ്പൂർണമായി ഏൽപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ മൃതസഞ്ജീവനി. അവർ അതിനെ വളർത്തുകയോ തളർത്തുകയോ ചെയ്യട്ടെ. തീർച്ചയായും ഇപ്പോഴത്തെ വെന്റിലേറ്റർ ജീവിതത്തിൽനിന്ന് ഒരു മാറ്റമായിരിക്കും അത്.