കോവിഡ് വ്യാപനം കുറയുന്നു; രണ്ടാം അണുബാധ ഉണ്ടായവരില്‍ 56.7 ശതമാനം പേര്‍ മരിച്ചെന്ന് ഐസിഎംആര്‍

single-img
29 May 2021

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും രണ്ടാംഘട്ടമായുണ്ടാകുന്ന അണുബാധയും രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ വഷളാക്കിയെന്ന് ഐസിഎംആര്‍ പഠനം. കോവിഡിന് പിന്നാലെ മറ്റേതെങ്കിലും ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകൂടി സംഭവിച്ചവരില്‍ പകുതിയിലേറെ പേര്‍ മരിച്ചു. രാജ്യത്തെ 10 ആശുപത്രിയിലെ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തല്‍. ആകെ 17,534 രോഗികളുടെ വിവരം പരിശോധിച്ചതില്‍ 3.6 ശതമാനം (631) പേര്‍ക്ക് രണ്ടാഘട്ട അണുബാധയുണ്ടായി. ഇവരില്‍ 56.7 ശതമാനം പേര്‍ മരിച്ചു.

രാജ്യത്ത് തീവ്രത കൂടിയ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാകാം കൂടുതല്‍ മരണത്തിന് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ ‘വാച്ച്’ ഗണത്തിലുള്ള ആന്റിബയോട്ടിക്കാണ് രണ്ടാംഘട്ട അണുബാധയുണ്ടായവരില്‍ 52.36 ശതമാനത്തിനും നല്‍കിയത്. അഞ്ചില്‍ ഒരാള്‍ക്ക് വീതം ‘അവസാനഘട്ടത്തില്‍’ നല്‍കേണ്ട ആന്റിബയോട്ടിക്കും നല്‍കി. മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് കൂടുതല്‍ രോഗികളിലും കണ്ടെത്തിയത്.

അതേ സമയം രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. 44 ദിവസത്തിനിടെ ആദ്യമായി പ്രതിദിന രോഗസംഖ്യ രണ്ടു ലക്ഷത്തില്‍ താഴെയായി. 24 മണിക്കൂറിനിടെ രോഗികള്‍ 186364, മരണം 3664. ആകെ രോഗികള്‍ 2.76 കോടി, മരണം 3.2 ലക്ഷം. അടച്ചിടല്‍ നടപടി ജൂണ്‍ 30 വരെ തുടരണമെന്നും നിയന്ത്രണം ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവു എന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 23.43 ലക്ഷം പേരാണ്. മെയ് പത്തിന് 37.45 ലക്ഷം പേരായിരുന്നു. 15–ാം ദിവസവും രോഗമുക്തരുടെ എണ്ണം രോഗികളുടേതിനെക്കാള്‍ കൂടുതല്‍.