രാജ്യത്തിന് ഇന്ന് ആശ്വാസ ദിനം; പ്രതിദിന കോവിഡ് നിരക്ക് താഴേക്ക്; ആശങ്ക വർദ്ധിപ്പിച്ച് മരണ നിരക്ക്

single-img
25 May 2021

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന് ഇന്ന് ആശ്വാസ ദിനം. നാല് ലക്ഷം വരെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് ഇന്ന് രണ്ട് ലക്ഷത്തിനും താഴേക്ക് എത്തി. 1,96,427 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 3,26,850 പേർ രോഗമുക്തി നേടുകയും ചെയ്തു. ഞായറാഴ്ച പല സംസ്ഥാനങ്ങളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയാൻ കാരണമായെങ്കിലും രോഗവ്യാപനം കുറയുന്നതായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്.

എന്നാൽ മരണ നിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 3511 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3,07,231ആയി. ഇന്നലെയാണ് രാജ്യത്തെ കോവിഡ് മരണം മൂന്ന് ലക്ഷം കടന്നത്.

രാജ്യത്ത് ഇതുവരെ 2,69,48,874 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,40,54,861 പേർ രോഗമുക്തി നേടിയപ്പോൾ 3,07,231 പേർ മരണപ്പെടുകയും ചെയ്തു. 25,86,782 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

അതേസമയം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. 19,85,38,999 ഇതുവരെ വാക്സിൻ സ്വീകരിച്ചു.