‘എല്ലാവരും തന്നെ ഭയക്കണം’; സാഗർ റാണയെ മര്‍ദ്ദിക്കുന്ന ദൃശങ്ങൾ ഗുസ്തിത്താരങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സുഹൃത്തിനോട് സുശീല്‍ കുമാര്‍ നിര്‍ദേശിച്ചു

single-img
24 May 2021

സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും ഗുസ്തിക്കാര്‍ക്കിടയില്‍ തന്നോട് ഭയം ജനിപ്പിക്കാൻ വേണ്ടി പ്രചരിപ്പിക്കാനും സുശീല്‍ കുമാര്‍ തന്റെ കൂട്ടാളിയോട് ആവശ്യപ്പെട്ടതായി പോലീസിന്റെ വെളിപ്പെടുത്തല്‍. ഗുസ്തി താരമായ സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശങ്ങള്‍ നഗരത്തിലെ ഗുസ്തിത്താരങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ സുഹൃത്തായ പ്രിന്‍സിനോട് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്.

മേയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ സാഗര്‍ പിന്നീട് മരിച്ചു. 
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ 18 ദിവസത്തിന് ശേഷമാണ് പോലീസ് മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹിയിലും സമീപ നഗരങ്ങളിലും സംസ്ഥാനങ്ങളിലും സുശീല്‍ കുമാറിനായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. 
അതേ സമയം അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് മേയ് പതിനെട്ടിന് ഡല്‍ഹി രോഹിണിയിലെ കോടതിയെ സുശീല്‍ കുമാര്‍ സമീപിച്ചിരുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സുശീല്‍ കുമാറാണെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും സുശീലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. 

മറ്റു ഗുസ്തി താരങ്ങളുടെ മുന്നില്‍ വെച്ച് സാഗര്‍ സുശീല്‍ കുമാറിനെ കുറിച്ച് മോശമായി സംസാരിച്ചതിലുള്ള വൈരാഗ്യം കാരണമാണ് സുശീല്‍കുമാര്‍ ക്രൂരമായി സാഗറിനെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്‌. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ സുശീലിനെതിരെ ചുമത്തിയിട്ടുണ്ട്.

രണ്ട് ഒളിംപ്ക്‌സ് മത്സരങ്ങളില്‍ മെഡല്‍ ജോതാവാണ് സുശീല്‍ കുമാര്‍. 2008 ലെ ബെയ്ജിങ് ഒളിപിംക്‌സില്‍ വെങ്കലവും 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും ഇന്ത്യയ്ക്ക് വേണ്ടി സുശീല്‍ കുമാര്‍ നേടിയിട്ടുണ്ട്.