യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ പഠിച്ചിരിക്കേണ്ട പതിമൂന്ന് പാഠങ്ങള്‍; പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്റെ നിരീക്ഷണങ്ങൾ

single-img
24 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍നിന്നും സംരംഭക സമൂഹത്തിനും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ചില പോയിന്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് പ്രശസ്ത സെയില്‍സ് ട്രയിനര്‍ അനില്‍ ബാലചന്ദ്രന്‍ ഇവിടെ.

1) ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിലെ മനോഭാവം. അവോയ്ഡ് ദ ക്യാന്‍സറസ് എംപ്ലോയീസ് ഫ്രം യുവര്‍ ഓര്‍ഗനൈസേഷന്‍. പ്രസ്ഥാനത്തോട് കൂറും ആത്മാര്‍ഥതയും ഇല്ലാത്ത സ്വാര്‍ഥതാല്‍പര്യക്കാരെ യഥാസമയം ഒഴിവാക്കുക.

2) സെലക്ടിങ് ദ റോങ് കോംപറ്റീറ്റര്‍. നിലവിലുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി എതിരാളിയായി യുഡിഎഫ് കാണേണ്ടിയിരുന്നത് എല്‍ഡിഎഫിനെ ആയിരുന്നില്ല; ബിജെപിയെ ആയിരുന്നു. തെറ്റായ എതിരാളിയുടെ പിന്നാലെ പോയവരെല്ലാം എന്നും പരാജയപ്പെട്ടിട്ടേ ഉള്ളൂ. കൊഡാക് കമ്പനിയുടെ തകര്‍ച്ച തന്നെ ഉദാഹരണം.

3) ഡൂയിംഗ് ദ സെയിം തിങ് ആന്റ് എക്‌സ്‌പെക്ടിങ് ഡിഫറന്റ് റിസള്‍ട്ട് ഈസ് ഫെയിലുവര്‍. പണ്ട് ചെയ്ത കാര്യങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരുന്നിട്ട് പുതിയ റിസള്‍ട്ട് പ്രതീക്ഷിച്ചാല്‍ അത് ഒരിക്കലും സാധ്യമാകില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും അത് ഉയര്‍ത്തിപ്പിടിച്ചത് പ്രയോജനപ്പെട്ടില്ല. ബിസിനസില്‍ ആയാലും നമ്മള്‍ സെലക്ട് ചെയ്യുന്ന വിഷയത്തിലും മുന്നോട്ടുവയ്ക്കുന്ന ഒബ്ജക്ടീവ്‌സിലും എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.

4) ബിസിനസ് എപ്പോഴും ഒരു സ്‌കെയിലബിള്‍ പ്രൊഡക്ട് ആയിരിക്കണം. അതിനൊരു സ്ട്രക്ചറും ശരിയായ ഒരു ഡിസിഷന്‍ മേക്കറും ഉണ്ടായിരിക്കണം. ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍പോലും എന്തൊക്കെ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നതെന്നു നമ്മള്‍ കണ്ടതാണ്. ആര് എന്ത് എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണം, ആരെക്കൊണ്ട് ചെയ്യിപ്പിക്കണം, ഇത് ആരുടെ ഉത്തരവാദിത്തമാണ് എന്നുള്ള കാര്യങ്ങളില്‍ സമ്പൂര്‍ണ വ്യക്തത നമ്മുടെ സ്ഥാപനത്തില്‍ ഉണ്ടായില്ലങ്കില്‍ ഡിസിഷന്‍ മേക്കിങില്‍ എപ്പോഴും പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും.

5) മികച്ച നേതൃത്വത്തിന്റെ അഭാവം. ഇവിടെ ഒരു വശത്ത് പിണറായി വിജയന്‍ എന്ന ഒറ്റയൊരാള്‍. മറുവശത്ത് നില്‍ക്കുന്നതാകട്ടെ ഒരു കൂട്ടം നേതാക്കള്‍. നമ്മളുടെ ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പിലോ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലോ നാലോ അഞ്ചോ പത്തോ പേരുണ്ടാകുമെങ്കിലും ഒരാളായിരിക്കണം മുന്നില്‍നിന്ന് നയിക്കേണ്ടത്. അദ്ദേഹത്തെ നമുക്ക് ചെയര്‍മാന്‍ എന്നോ സിഇഒ എന്നോ മാനേജിങ് പാര്‍ട്ണര്‍ എന്നോ പ്രസിഡന്റ് എന്നോ എന്ത് പേരിട്ടുവേണമെങ്കിലും വിളിക്കാം. ആ ഒരാള്‍ കോണ്‍ഗ്രസിന് ഇല്ലാതെ പോയി.

6) എപ്പോഴും ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഒരു ടച്ചിങ് ഇമോഷണല്‍ സ്‌റ്റോറി ഉണ്ടാകണം. ഇടതുപക്ഷം മുന്നോട്ടുവച്ച, ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി അവര്‍ക്കു പറയാന്‍ പ്രളയമോ നിപയോ കൊവിഡോ കിറ്റോ ഉള്‍പ്പടെ ഒരുപാട് കഥകളുണ്ടായിരുന്നു. അത് അവര്‍ വളരെ ഇമോഷണലായി പറഞ്ഞു പ്രതിഫലിപ്പിച്ചു. പക്ഷേ, നാടു നന്നാകാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യം പ്രതിപക്ഷം മുന്നോട്ടുവച്ചപ്പോള്‍ അതിന്റെ പിന്നില്‍ പറയാന്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ ഒരു കഥ ഇല്ലാതെ പോയി. ഒരു പ്രൊഡക്ട് വില്‍ക്കാനായി ഒരു ക്യാപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ പിന്നില്‍ ടച്ചിങ് ആയിട്ടുള്ള, ഇമോഷണല്‍ ആയിട്ടുള്ള കഥകള്‍ ഉണ്ടെങ്കില്‍ മാത്രമേ, അത് വില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

7) കസ്റ്റമറുടെ വികാരം മനസ്സിലാക്കുന്നതിലെ വീഴ്ച. ഇവിടെ കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് മെനക്കെട്ടില്ല. എന്താണോ കസ്റ്റമര്‍ക്കുവേണ്ടത്, ആ ആവശ്യം മനസ്സിലാക്കിക്കൊണ്ടുവേണം ഒരു പ്രൊഡക്ടോ സര്‍വീസോ ഡിഫൈന്‍ ചെയ്യേണ്ടത്.

8) ഓവര്‍ കോണ്‍ഫിഡന്‍സ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പത്തൊമ്പതും കിട്ടിയ യുഡിഎഫ്, അതിന്റെ ആത്മവിശ്വാസത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ അഞ്ചുകൊല്ലവും കഴിയുമ്പോള്‍ സംഭവിക്കുന്നതുപോലെ ഒരുമാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. ചരിത്രം ഒരിക്കലും അതുപോലെ സംഭവിക്കുമെന്ന് വിശ്വസിക്കാനോ പണ്ടത്തെ വിജയത്തില്‍ മതിമറന്നിരിക്കാനോ പാടില്ല. 2016ലെ സാഹചര്യമല്ല 2021ല്‍. കോവിഡിനു മുമ്പുള്ള സിറ്റ്വേഷനല്ല, കോവിഡിനുശേഷം. കാലത്തിനനുസരിച്ച് നമ്മുടെ സ്ട്രാറ്റജിയിലും മാറ്റം വരുത്തണം.

9) ശരിയായ സ്ട്രാറ്റജിയുടെ അഭാവം. ഒരു ബിസിനസ് ചെയ്യുമ്പോള്‍, ഒരു പ്രൊഡക്ടോ സര്‍വീസോ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ഉറപ്പായും ഒരു സ്ട്രാറ്റജി ഉണ്ടായിരിക്കണം. 2021ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പ് വരുമെന്നും 140 മണ്ഡലങ്ങളിലും മത്സരിക്കേണ്ടിവരുമെന്നും യുഡിഎഫിന് അറിയാമായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പിനു ഇരുപത് ദിവസം മുമ്പ് മാത്രം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ ആ സ്ഥാനാര്‍ഥിക്ക് എന്ത് ഇംപാക്ടാണ് അവിടെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അവര്‍ ചിന്തിച്ചില്ല. ബിസിനസില്‍ ആയാലും സമയമുണ്ടല്ലോ എന്നുപറഞ്ഞ് ടാസ്‌കുകള്‍ അവസാനനിമിഷത്തേക്കു മാറ്റിവെക്കരുത്. മുന്‍കൂട്ടി തന്നെ കാര്യങ്ങള്‍ കണ്ടും മനസ്സിലാക്കിയും തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കണം.

10) സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യേണ്ട രീതി. എല്‍ഡിഎഫ് കൊണ്ടുവരുന്ന ആശയങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കടന്നല്‍ക്കൂടുപോലെ അനുഭാവികള്‍ ഉള്ളപ്പോള്‍ യുഡിഎഫ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത രീതി ദുര്‍ബലമായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെപ്പോലും പരിഹസിച്ച് നിമിഷനേരംകൊണ്ട് എത്രയോ സ്‌മൈലികളും ട്രോളുകളുമാണ് വന്നുകൊണ്ടിരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. അതേസമയം പത്രങ്ങളെയോ ചാനലുകളെയോ കാര്യമായി ശ്രദ്ധിക്കാതെ സോഷ്യല്‍ മീഡിയയുടെ പള്‍സ് കൃത്യമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ബിസിനസില്‍ ആയാലും, പത്രപരസ്യം കൊടുക്കുന്നതും ടെലിവിഷന്‍ ആഡ്‌സ് കൊടുക്കുന്നതും പോലുള്ള പരമ്പരാഗതരീതികള്‍ മാറ്റിവെച്ച് സോഷ്യല്‍ മീഡിയയെ കൂടുതല്‍ ശ്രദ്ധിക്കണം.

11) ഒരു ലീഡര്‍ക്ക് ഉണ്ടാകേണ്ട ക്വാളിറ്റി. വിമതസ്വരം ഉയര്‍ത്തി നില്‍ക്കുന്ന പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റിനെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍നിന്നു വിളിച്ചതും പാലക്കാട് അദ്ദേഹത്തിന്റെ വീട്ടില്‍പോയി ചര്‍ച്ച നടത്തിയതും കേരളം കണ്ടതാണ്. ഒരു ലീഡര്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു സംരംഭകനും ഒരു ജീവനക്കാരന്റെയും അടുത്ത് താഴ്ന്നുകൊടുക്കരുത്. താന്‍ മാറിക്കഴിഞ്ഞാല്‍ ഈ പ്രസ്ഥാനം ഇല്ലാതാകുമെന്ന് ഒരു ജീവനക്കാരനും തോന്നലുണ്ടാകുന്ന രീതിയില്‍ ഒരു ലീഡര്‍, ഒരു എന്‍ട്രപ്രണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

12) നമ്മുടെ ഉള്ളില്‍ പേടിയുണ്ട് എന്ന് ഒരിക്കലും കോംപറ്റീറ്റേഴ്‌സ് അറിയരുത്. 2019ലും 2014ലും ദേശീയതലത്തില്‍ നരേന്ദ്രമോദിക്ക് മുന്നില്‍ സംഭവിച്ചതുപോലെ ഇവിടെയും പിണറായി വിജയന്‍ എന്ന വലിയൊരു ഇമേജിനുമുന്നില്‍ യുഡിഎഫ് പലപ്പോഴും പകച്ചുനില്‍ക്കുന്ന കാഴ്ചയായിരുന്നു. കൈയ്യില്‍ പണമില്ല, ക്യാപിറ്റല്‍ ഫണ്ടില്ല, കോര്‍പ്പറേറ്റുകള്‍ അവരെ സഹായിക്കാനുണ്ട് എന്നൊക്കെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍തന്നെ പറയുമ്പോള്‍ പൊട്ടിനില്‍ക്കുന്ന ഒരു കമ്പനിയിലേക്ക് ആരെങ്കിലും ഇന്‍വെസ്റ്റ് ചെയ്യുമോ എന്ന് ആലോചിക്കുക. ഒരു സംരംഭകന്റെ സാഹചര്യമോ അവസ്ഥയോ വീക്‌നെസ്സുകളോ സമൂഹത്തോട് വിളിച്ചുപറഞ്ഞുകഴിഞ്ഞാല്‍ പിന്നെ നിലനില്‍പ്പുണ്ടാകില്ല. നമ്മളെ ആരും വിശ്വസിക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്യില്ല.

13) പുതിയ തലമുറയെ ശരിയായരീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഉണ്ടായ വീഴ്ച. ഒരിക്കലും ഹെലികോപ്ടര്‍ ലാന്‍ഡിങ് പോലെ ഒരു സ്ഥാപനത്തിലും പുറത്തുനിന്ന് ഒരാളെ കെട്ടിയിറക്കരുത്. അതുപോലെ ഒരു സംരംഭകനെ സംബന്ധിച്ച് നമ്മുടെ താഴെ ഒരു മാനേജരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം മുഖേന ആയിരിക്കണം കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ഹൈകമാന്‍ഡ് ആകുന്ന നമ്മളിലേക്ക് നേരിട്ട് ഒരു എംപ്ലോയിക്കും അപ്രോച്ച് കൊടുക്കരുത്. അങ്ങനെ സംഭവിക്കുമ്പോള്‍ തലപ്പത്ത് ഇരുത്തിയിരിക്കുന്ന ആള്‍ – അത് ജനറല്‍ മാനേജര്‍ ആയാലും പ്രസിഡന്റ് ആയാലും അവരുടെ പദവിക്ക് ഒരു പ്രാധാന്യവും ഇല്ലാതെ പോകും.

ഈ പതിമൂന്നുകാര്യങ്ങളാണ് യുഡിഎഫിന്റെ പരാജയത്തില്‍നിന്നും സംരംഭകര്‍ക്ക് പ്രധാനമായും പഠിക്കാനുള്ളത്. ഒരു ബിസിനസില്‍ ഉണ്ടാകേണ്ട ക്ലാരിറ്റി, ഒരു നല്ല മാനേജ്‌മെന്റ് ടീമിന് ഉണ്ടാകേണ്ട ക്ലാരിറ്റി നിര്‍ഭാഗ്യവശാല്‍ ഈ പ്രസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ആര് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ള കാര്യങ്ങളില്‍ ഒരു ക്ലാരിറ്റിയോ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറോ ഒരു ഡിസിഷന്‍ മേക്കിങ് സ്‌കിലോ ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയോ എപ്പോഴും ഒരു പ്രസ്ഥാനത്തിന് ഉണ്ടാകണം. അതുപോലെ പാര്‍ട്‌ണേഴ്‌സിനെയും കണ്‍സള്‍ട്ടന്റുമാരെയും തെരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തമായ പഠനം നടത്തണം. ക്യാന്‍സറസായിട്ടുള്ള ജീവനക്കാരെ ഒരു നിമിഷം പോലും വച്ചുകൊണ്ടിരിക്കാതെ മുറിച്ചുമാറ്റാനുള്ള ആര്‍ജവം കാണിക്കുന്ന ലീഡര്‍മാരുള്ളിടത്തു മാത്രമാണ് ഒരു പ്രസ്ഥാനം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നത്.

ഇക്കാര്യങ്ങളൊക്കെ കൃത്യമായി പഠിച്ച് മനസ്സിലാക്കി, ഓരോ പോയിന്റും എഴുതിവെച്ച്, നിങ്ങളുടെ സ്ഥാപനത്തില്‍ ഇങ്ങനെയുള്ള തെറ്റുകള്‍ സംഭിക്കില്ല എന്ന് ഓരോ സംരംഭകനും ഉറപ്പുവരുത്തുക. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീഡിയോ കാണാം.

അനില്‍ ബാലചന്ദ്രന്‍

പ്രശസ്ത സെയില്‍സ് ട്രയിനറും ദ സെയില്‍സ്മാന്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരനും. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് സംരംഭകര്‍ക്ക് മികച്ചരീതിയില്‍ സെയില്‍സ് പരിശീലനം നല്‍കിവരുന്നു. കോര്‍പ്പറേറ്റുകള്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സെയില്‍സ് ട്രയിനിങിനു പുറമേ കണ്‍സള്‍ട്ടിങ് സേവനവും ലഭ്യമാക്കുന്നു. സെയില്‍സ് മേഖലയില്‍ ഏറ്റവും ആധികാരികമെന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ മലയാളം വീഡിയോകളും അനില്‍ ബാലചന്ദ്രന്‍ ദ സെയില്‍സ്മാന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.