കൊവിഡ് വ്യാപനത്തില്‍ കുറവ് കാണുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നീട്ടാന്‍ സാധ്യത

single-img
14 May 2021

കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം നീട്ടാന്‍ സാധ്യത. കൊവിഡ് രോഗികള്‍ കൂടുന്ന എറണാകുളം, മലപ്പുറം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6150 ആയി.

സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍ സ്ഥാപിക്കും. ലോക്ക്ഡൗണിന്റെ ഏഴാം ദിനമായ ഇന്നും എല്ലാ പ്രദേശങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ ഇന്നലെ 39,955 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേര്‍ 33,733 രോഗമുക്തി നേടി