മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകക്ഷികള്‍ കടിപിടികൂടുന്നു; ഇടതുമുന്നണി മന്ത്രിസഭ രൂപീകരിക്കാന്‍ വൈകുന്നതിനെതിരെ കുമ്മനം

single-img
11 May 2021

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി.സംസ്ഥാനം വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നതായും കുമ്മനം ആരോപിക്കുന്നു.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണ്.
കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി. കേരളത്തിൽ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേൽക്കാൻ പോകുന്നത്. വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്ന പരിഹാരത്തിന് സത്വര നടപടികൾ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യം.