സംസ്‌കാര ചടങ്ങില്‍ മാനദണ്ഡം ലംഘിച്ചു; ബന്ധുക്കള്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു

single-img
10 May 2021

മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തൃശൂര്‍ എംഎല്‍സി പള്ളിയിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂര്‍ സ്വദേശിനി ഖദീജ കൊവിഡ് ബാധിച്ച് മരിച്ചത്. പൊലീസ് ആരോഗ്യ വകുപ്പ് ആംബുലന്‍സ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു.ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജീദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും സംസ്‌കാരത്തിനായി കൊണ്ടുപോയ മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു.

കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെതന്നെ സംസ്‌കരിക്കണമെന്നാണ് ചട്ടം. അത് കുടുംബം ലംഘിക്കുകയായിരുന്നുവെന്ന് ഡിഎംഒ പറഞ്ഞു. തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് മാനദണ്ഡത്തിന് വിരുദ്ധമായി ചടങ്ങുകള്‍ നടത്തിയ ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹം ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.